മോഷണക്കേസിലെ പ്രതികള്‍ 10 കിലോ കഞ്ചാവുമായി പിടിയില്‍

കോഴിക്കോട്:  മലബാറിലെ വിവിധ ജില്ലകളില്‍ വില്‍ക്കാനായി കൊണ്ടുവന്ന 10 കിലോ കഞ്ചാവുമായി നിരവധി മോഷണക്കേസുകളില്‍ പ്രതികളായ രണ്ട് യുവാക്കളെ് അറസ്റ്റ് ചെയ്തു. മലപ്പുറം കോട്ടക്കല്‍ പുതുക്കിടി വീട്ടില്‍ നിസാമുദ്ധീന്‍(29) നെ 7 കിലോ കഞ്ചാവുമായും, മലപ്പുറം വാഴക്കാട് മുണ്ടുമുഴി മുണ്ടമോള്‍ വീട്ടില്‍ അനസ്(28) നെ മൂന്നു കിലോ കഞ്ചാവും അറസ്റ്റ് ചെയ്തു.
മുമ്പ് മോഷണം, മാല പൊട്ടിക്കല്‍, ഭവനഭേദനം തുടങ്ങിയ കേസുകളില്‍ പ്രതികളാണ് നിസാമുദ്ധീനും അനസും. ഇവരും ചില സുഹൃത്തുക്കളും ചേര്‍ന്ന് കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന് കോഴിക്കോട് നോര്‍ത്ത് അസി.കമ്മീഷണര്‍ പ്രിഥ്വിരാജന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി മഹേഷ് കുമാര്‍ കാളിരാജിന്റെ നിര്‍ദേശ പ്രകാരം ഇവരെ പിടികൂടുന്നതിനായി ഒരു സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇവരുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. ആന്ധ്രയില്‍ നിന്നുമാണ് ഇവര്‍ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നതെന്നും വാടകയ്‌ക്കെടുത്ത ലക്ഷ്വറി വാഹനങ്ങളുപയോഗിച്ചും ട്രെയിന്‍ മാര്‍ഗവുമാണ് ഇവര്‍ കഞ്ചാവ് കേരളത്തിലേക്കെത്തിക്കുന്നതെന്നു മനസ്സിലാക്കിയ സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍ നിസാമുദ്ധീന്‍ ഒരു മഹീന്ദ്ര സൈലോ എക്‌സ് യു വി വാഹനം വാടകയ്ക്ക് എടുത്തതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇവരില്‍ നിന്നു കഞ്ചാവ് വാങ്ങിക്കുന്നവരെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ ഊര്‍ക്കടവ് സ്വദേശികളായ ചിലരും കോഴിക്കോട് ബീച്ച് ഭാഗത്തുള്ള ചിലരും കഞ്ചാവിനായി മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കിയതായി വ്യക്തമായി. ഇവരുടെ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ നിസാമുദ്ധീനും അനസും കഞ്ചാവുമായി കേരളത്തിലെത്തിയതായി മനസ്സിലാക്കി.
പട്രോളിങ്ങിനിടയില്‍ മാവൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഊര്‍ക്കടവില്‍ നിന്നു നിസാമുദ്ധീനെ മാവൂര്‍ എസ്‌ഐ മുരളിയുടെ നേതൃത്വത്തില്‍ മാവൂര്‍ പോലിസും അനസിനെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്റെ നാലാം പ്ലാറ്റ് ഫോമിലേക്കുള്ള റോഡിനു സമീപത്തു നിന്നു കോഴിക്കോട് ടൗണ്‍ എസ്‌ഐ ഗോപകുമാറിന്റെ നേതൃത്വത്തില്‍ ടൗണ്‍ പോലിസുമാണ് പിടികൂടിയത്.

RELATED STORIES

Share it
Top