മോഷണം: 10 പവനും 5000 രൂപയും കവര്‍ന്നുമുക്കം: മുക്കം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മോഷണം തുടര്‍ക്കഥയാവുന്നു. ബുധനാഴ്ച രാത്രി മുക്കം നഗരസഭയിലെ മുത്തേരി പ്രസാദിന്റെ വീടാണ് കൊള്ളയടിക്കപ്പെട്ടത്. ഇവിടെ നിന്നും പത്ത് പവന്‍ സ്വര്‍ണവും 5000 രൂപയുമാണ് കവര്‍ന്നത്. മലയോര മേഖലയില്‍ മുക്കം നഗരസഭയിലും കാരശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലും രണ്ട് മാസത്തിനിടെ ഇരുപതോളം വീടുകളില്‍ മോഷണം നടന്നു. രാത്രി സമയങ്ങളില്‍ വീടിന്റെ വാതില്‍ പൊളിച്ചാണ് മുഴുവന്‍ സ്ഥലങ്ങളിലും മോഷണം നടന്നത്. പ്രസാദിന്റെ തൊട്ടടുത്ത ഭാസ്‌ക്കരന്റെ വീട്ടിലും ഷറഫുദ്ധീന്റെ വീട്ടിലും മോഷണശ്രമം നടന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു .കഴിഞ്ഞ രണ്ട് മാസത്തിനിടെ കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍, കാരശേരി പഞ്ചായത്തുകളിലും മുക്കം നഗരസഭയിലും തൊട്ടു കിടക്കുന്ന മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരി, കീഴുപറമ്പ് പഞ്ചായത്തുകളിലുമായി, നാല്പതോളം വീടുകളിലാണ് മോഷണം നടന്നത്. നൂറു പവനിലധികം സ്വര്‍ണ്ണാഭരണങ്ങളും പണവും കൊള്ളയടിക്കപ്പെട്ടിട്ടും ഒരാളെ പോലും പിടികൂടാനും പോലീസിനായില്ല. മോഷണത്തില്‍ പൊറുതിമുട്ടി നെല്ലിക്കാപറമ്പ്, കല്ലായി, ഭാഗങ്ങളില്‍ നാട്ടുകാ ര്‍ കാവലേര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ മോഷ്ടാക്കളെന്ന് ആരോപിച്ച് എരഞ്ഞിമാവിന് സമീപം രണ്ട് പേരെ നാട്ടുകാര്‍ തടഞ്ഞുവെച്ചത് എറെ ചര്‍ച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചിലരെ പിടികൂടുകയും ചെയ്തിരുന്നു. ഇതോടെ നാട്ടുകാരും പിന്‍വലിഞ്ഞു. മുഴുവന്‍ സ്ഥലങ്ങളിലും ഒരേ രീതിയിലാണ് മോഷണം നടന്നത് എന്നതാണ് പ്രത്യേകത. വീടിന്റെ പിറക് വശത്തെ വാതില്‍ തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടക്കുന്നത്.

RELATED STORIES

Share it
Top