മോഷണം ദുബയിലെ ടെര്‍മിനല്‍ രണ്ട് കേന്ദ്രീകരിച്ച്

കോഴിക്കോട്: ദുബയില്‍ നിന്നെത്തുന്ന വിമാനയാത്രക്കാരുടെ ലഗേജ് കുത്തിത്തുറന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ മോഷണം നടക്കുന്നത് ദുബയിലാണെന്ന് എയര്‍ ഇന്ത്യ വക്താക്കള്‍ സ്ഥിരീകരിച്ചു.
ബജറ്റ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന ദുബയ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്നാണ് സാധനങ്ങള്‍ അപ്രത്യക്ഷമാവുന്നത്. ഇതുസംബന്ധിച്ച് എയര്‍ ഇന്ത്യയുടെ മിഡില്‍ ഈസ്റ്റ്-ആഫ്രിക്ക വിഭാഗം റീജ്യനല്‍ മാനേജര്‍ മോഹിത് സെയിന്‍, യുഎഇ കണ്‍ട്രി മാനേജര്‍ സാകത്ത്് സരണ്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് ദുബയ്് വിമാനത്താവളത്തിലെത്തി സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കാര്യത്തിന്റെ ഗൗരവം ബോധിപ്പിച്ചു പരാതി നല്‍കി.
ഇവിടെ നിന്ന് സര്‍വീസ് നടത്തുന്ന മറ്റു വിമാനങ്ങളിലെ യാത്രക്കാരും സമാനസംഭവത്തിന് ഇരയാവാറുണ്ട്. ദുബയിലെ മറ്റു ടെര്‍മിനലുകളില്‍ നിന്നു പോവുന്ന യാത്രക്കാരുടെ സാധനങ്ങള്‍ മോഷ്ടിക്കാറുണ്ടെങ്കിലും പതിവായി സാധനങ്ങള്‍ നഷ്ടപ്പെടുന്നത് ടെര്‍മിനല്‍ രണ്ട് വഴി പോവുന്ന യാത്രക്കാരുടേതാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ മാസം യാത്രക്കാരുടെ സാധനങ്ങളും സ്വര്‍ണവും മോഷ്ടിച്ച 20 വയസ്സുള്ള ഇന്ത്യക്കാരനായ ജോലിക്കാരനെ വിമാനത്താവളത്തില്‍ നിന്നു പിടികൂടി നിയമനടപടിക്ക് വിധേയമാക്കി. യാത്രക്കാരുടെ ലഗേജുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്നത് കോഴിക്കോട് വിമാനത്താവളത്തിലെ കാര്‍ഗോ ഹാന്‍ഡ്‌ലിങ് ജീവനക്കാരാണെന്ന തരത്തില്‍  സോഷ്യല്‍ മീഡിയകളിലും മറ്റു വ്യാപകമായ പ്രചാരണം നടന്നിരുന്നു,
ദുബയില്‍ നിന്നു കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മാത്രമാണ് ടെര്‍മിനല്‍ രണ്ടില്‍ നിന്നു പുറപ്പെടുന്നത്. ബജറ്റ് വിമാനങ്ങള്‍ പുറപ്പെടുന്ന ടെര്‍മിനല്‍ രണ്ട് പൊതുവെ സാധാരണക്കാരായ യാത്രക്കാരാണ് ഉപയോഗിക്കുന്നത്. ദുബയില്‍ നിന്ന് ബാഗേജുകളില്‍ പ്രത്യേക അടയാളമിട്ട് കരിപ്പൂരില്‍ വച്ച് മോഷണം നടത്തുന്നതായും സൂചനയുണ്ട്. ഇതിനു വേണ്ടി പ്രത്യേക സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നതായാണ് അറിവ്.

RELATED STORIES

Share it
Top