മോഷണം ആരോപിച്ച് മദ്‌റസാ വിദ്യാര്‍ഥിയെ കെട്ടിയിട്ട് തല്ലിക്കൊന്നു

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തെ നടുക്കി ആള്‍ക്കൂട്ടക്കൊല. ന്യൂഡല്‍ഹിയില്‍ മോഷണം ആരോപിച്ച് 16 വയസ്സുകാരനായ മദ്‌റസാ വിദ്യാര്‍ഥിയെ ഒരു സംഘമാളുകള്‍ തല്ലിക്കൊന്നു. ഉത്തര പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുകുന്ദ്പൂരില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.
വിദ്യാര്‍ഥി മോഷണം ലക്ഷ്യമിട്ട് ഒരു വീട്ടിനുള്ളില്‍ കടന്നതായാണ് ആരോപണം. വീട്ടുകാരുടെ ബഹളം കേട്ട് അയല്‍വാസികള്‍ ഓടിക്കൂടുകയും രണ്ടു മണിക്കൂറോളം വിദ്യാര്‍ഥിയെ കെട്ടിയിട്ട് മര്‍ദിക്കുകയുമായിരുന്നുവെന്നു പറയുന്നു. പോലിസിനു കൈമാറുന്നതിനു പകരം വിദ്യാര്‍ഥിയെ കൊല്ലാന്‍ ലക്ഷ്യമിട്ടതു പോലെയായിരുന്നു മര്‍ദനം.ക്രൂരമായ മര്‍ദനത്തിനൊടുവില്‍ മൃതപ്രായനായ വിദ്യാര്‍ഥിയെ കൈകള്‍ ബന്ധിച്ച നിലയില്‍ തെരുവില്‍ തള്ളി. രാവിലെ ആറോടെയാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം, രാത്രിയില്‍ താന്‍ ബഹളമൊന്നും കേട്ടിരുന്നില്ലെന്നു സമീപത്ത് താമസിക്കുന്ന റിതാ ദേവി എന്ന യുവതി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. വീട്ടില്‍ കള്ളന്‍ കയറിയെങ്കില്‍ സാധാരണ ജനങ്ങള്‍ ബഹളമുണ്ടാക്കുകയും പോലിസിനെ വിളിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍, അങ്ങനെയൊന്നും ഉണ്ടായില്ലെന്ന് അവര്‍ പറഞ്ഞു. താനോ അമ്മാവനോ രാത്രിയില്‍ യാതൊരു ശബ്ദവും കേട്ടിരുന്നില്ലെന്നു കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ മൂത്ത സഹോദരന്‍ മുഷാഹിദ് പറഞ്ഞു. എന്റെ അനുജന്‍ ഏതെങ്കിലും വീട്ടിലേക്ക് അതിക്രമിച്ചു കയറിയെങ്കില്‍ അയല്‍വാസികള്‍ ബഹളമുണ്ടാക്കുമല്ലോ. അവന്‍ സഹായത്തിനു വേണ്ടി കരയുന്ന ശബ്ദം പോലും കേട്ടില്ല. അവനെ വലിച്ചുകൊണ്ടു പോയി കെട്ടിയിട്ട് തല്ലിക്കൊന്നതാണെന്നു മുഷാഹിദ് ആരോപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ട ആറുപേരില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. സഹോദരന്‍മാരായ നന്ദ് കിശോര്‍, രാജ് കിശോര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഓട്ടോ ഡ്രൈവര്‍മാരാണ്. മറ്റൊരു ഓട്ടോ ഡ്രൈവറായ ത്രിവേണി, അയല്‍ക്കാരായ ദേശ്‌രാജ്, സോഹന്‍ലാല്‍, സന്ദ്‌ലാല്‍ എന്നിവര്‍ ഒളിവിലാണെന്നു ഡിവൈഎസ്പി അസ്‌ലം ഖാന്‍ പറഞ്ഞു. കാണ്‍പൂരിലെ മദ്‌റസയില്‍ പഠിക്കുകയായിരുന്ന വിദ്യാര്‍ഥി 20 ദിവസം മുമ്പാണ് ഡല്‍ഹിയിലെത്തിയത്. മുകുന്ദ്പൂരില്‍ ഒരു ഇലക്ട്രിക് ഷോപ്പില്‍ അവന്‍ തൊഴില്‍ പരിശീലനം ആരംഭിച്ചിരുന്നു. മൂത്ത സഹോദരനും രണ്ട് അമ്മാവന്‍മാര്‍ക്കുമൊപ്പമാണ് ഡല്‍ഹിയില്‍ താമസിച്ചിരുന്നത്. പിതാവ് നോയ്ഡയില്‍ ദിവസക്കൂലിക്കാരനാണ്. മാതാവ് ബിഹാറിലെ ജന്മഗ്രാമത്തിലാണ് താമസം.അവന്‍ കള്ളനല്ലെന്നും കൊലയ്ക്കു പിന്നില്‍ മറ്റെന്തോ കാരണമുണ്ടെന്നും കുടുംബം തറപ്പിച്ചു പറയുന്നു. കൊല്ലപ്പെട്ട കുട്ടി വലിയ നാണക്കാരനായിരുന്നുവെന്ന് അയല്‍വാസിയായ ദുര്‍ഗ പറഞ്ഞു. അവനോ സഹോദരനോ ഒരിക്കലും ഒരു ശല്യവും സൃഷ്ടിച്ചിരുന്നില്ലെന്നു മറ്റൊരു അയല്‍ക്കാരിയായ കിശോര്‍ ലത സാക്ഷ്യപ്പെടുത്തി.

RELATED STORIES

Share it
Top