മോശം വര്‍ഷം

കഴിഞ്ഞ ഒരു ദശാബ്ദത്തിലെ ഏറ്റവും വിഷാദമഗ്നമായ വര്‍ഷമേതാണ്. രാഷ്ട്രാന്തരീയമായി നടന്ന ഒരു സര്‍വേയില്‍ ഭൂരിപക്ഷം പേരും 2016 ഏറ്റവും മോശമായ വര്‍ഷമായി കാണുന്നു. ഗാലപ് 145 രാജ്യങ്ങളില്‍ നിന്നു തിരഞ്ഞെടുത്ത ഒന്നരലക്ഷത്തിലധികം പേരാണ് അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്തത്. വെറുതെ ടെലിഫോണ്‍ സര്‍വേ നടത്തുകയായിരുന്നില്ല ഗാലപ്. അവരുടെ പ്രതിനിധികള്‍ വിവിധ രാജ്യങ്ങളില്‍ പ്രാതിനിധ്യസ്വഭാവമുള്ളവരുമായി സംസാരിച്ചു. മാനസിക സമ്മര്‍ദം, രോഗം, രോഷം, വിഷാദം, പരിഭ്രമം എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളെ പറ്റിയായിരുന്നു അഭിമുഖം. സര്‍വേയില്‍ പങ്കെടുത്തവരില്‍ മൂന്നിലൊരുഭാഗം 2016നു ശേഷം വളരെയേറെ മാനസിക സംഘര്‍ഷം അനുഭവിച്ചതായി പറയുന്നു. അഞ്ചിലൊരുഭാഗത്തിനു വിഷാദം കൂടി.
ആഭ്യന്തര കുഴപ്പം കാരണം കഷ്ടത്തിലായ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കാണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. അതിനു മുമ്പ് നാലുവര്‍ഷം ഒന്നാംസ്ഥാനത്തുണ്ടായിരുന്ന ഇറാഖ് അതോടെ രണ്ടാംസ്ഥാനത്തായി. പൊതുവില്‍ പട്ടിണിയും ദാരിദ്ര്യവുമുള്ള സഹാറാ മേഖലയിലെ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍ വരുന്നത്. സഹാറയിലെ 35 രാജ്യങ്ങളില്‍ 24ഉം വലിയ സങ്കടത്തിലാണ്. സന്തോഷമുള്ള രാജ്യങ്ങളില്‍ അധികവും ലാറ്റിനമേരിക്കയിലായിരുന്നു. ഇക്കാര്യത്തില്‍ പരാഗ്വേയാണു മുമ്പില്‍. ഈ ഭൂഖണ്ഡത്തിനു പുറത്ത് കാനഡ, ഐസ്‌ലന്‍ഡ്, ഇന്തോനീസ്യ, ഉസ്ബക്കിസ്താന്‍ എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ വളരെ സന്തുഷ്ടരാണ്. ഇന്ത്യയും പാകിസ്താനും ഏതാണ്ട് ഒരേ മാനസികാവസ്ഥയിലാണു കഴിയുന്നത് എന്നും സര്‍വേ സൂചിപ്പിക്കുന്നു.

RELATED STORIES

Share it
Top