മോശം റോഡുകള്‍ ഒരു മാസത്തിനകം ഗതാഗതയോഗ്യമാക്കണം: മന്ത്രി

തൊടുപുഴ: ജില്ലയിലെ പിഡബ്ല്യുഡിക്കു കീഴിലുള്ള മോശം അവസ്ഥയിലെ റോഡുകള്‍ ആഗസ്ത് 15നകം ഗതാഗതയോഗ്യമാക്കാന്‍ മന്ത്രി ജി സുധാകരന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലയിലെ പൊതുമരാമത്ത് ജോലികള്‍ ദ്രൂതഗതിയിലാക്കാന്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും വകുപ്പിലെ ഉദ്യോഗസഥരുടെയും  അവലോകന യോഗത്തിലാണ് മന്ത്രി ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. സാധാരണഗതിയില്‍ മഴയ്ക്ക് ശേഷം നല്‍കാറുള്ള ഫണ്ട് അറ്റകുറ്റ പണിക്കായി ഇപ്പോള്‍ നല്‍കുകയാണ് എന്നും എന്‍ജിനീയര്‍മാര്‍ സൈറ്റുകളില്‍ കൂടുതല്‍ കാര്യക്ഷമമായ മേല്‍നോട്ടത്തിലൂടെ ജോലികള്‍ സമയബന്ധിതമായി തീര്‍ക്കണം എന്നും മന്ത്രി പറഞ്ഞു. നല്ല കരാറുകാരെ കണ്ടെത്തി ഉന്നതമേന്മയില്‍ പണി തീര്‍ക്കുകയും റോഡുകളെല്ലാം സഞ്ചാരയോഗ്യമാക്കുയും വേണം.
മഴമൂലം പണി മുടങ്ങിയില്‍ അത്രയും ദിവസം കൂടി പൂര്‍ത്തിയാക്കാന്‍ എടുക്കാം. എന്നാല്‍, ജോലികളെല്ലാം സമയബന്ധിതമായി തീര്‍ക്കണം. റോഡ് നശിപ്പിക്കുന്ന രീതിയില്‍ കേബിള്‍ കുഴികള്‍ എടുക്കാന്‍ ആരെയും അനുവദിക്കരുത്.
ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനും മ്ന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പല ഉദ്യോഗസ്ഥരം സൈറ്റ് സന്ദര്‍ശിക്കാറില്ല എന്ന ആക്ഷേപമുണ്ട്. ഇതുകാരണം സര്‍ക്കാര്‍ അനുവദിക്കുന്ന പണം തന്നെ ഫലപ്രദമായി ഉപയോഗിക്കാന്‍കഴിയുന്നില്ല. തന്മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന അസംതൃപ്തി മുതലെടുകാന്‍ ചിലര്‍ ശ്രമിക്കുന്നു. സര്‍ക്കാര്‍ ഇതനുവദിക്കില്ല എന്നും വകുപ്പിന്റ എന്‍ജിനീയര്‍മാര്‍ മാനുവലില്‍ പറയന്നതുപാലെ റോഡുകള്‍ പരിരക്ഷിക്കുകതന്നെ വേണമെന്നും മന്ത്രി പറഞ്ഞു.
തൊടുപുഴ റെസ്റ്റ്ഹൗസില്‍ ചേര്‍ന്ന് അവലോകന യോഗത്തില്‍ മന്ത്രി എം.എം മണി, അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി, എം.എല്‍.എമാരായ എസ്. രാജേന്ദ്രന്‍, പി.ജെ ജോസഫ്, റോഷി അഗസ്റ്റിന്‍ എന്നിവരും ഉദ്യോഗസ്ഥരും പങ്കെടുത്തു. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ റോഡ് പദ്ധതികളുടെ പുരോഗതി യോഗത്തില്‍ ഉന്നയിച്ചു. നിര്‍മാണ പുരോഗതി, തടസങ്ങള്‍, മറ്റു പ്രശ്‌നങ്ങള്‍ തുടങ്ങിയവ വിശദമായി ചര്‍ച്ചചെയ്യുകയും പരിഹാരങ്ങള്‍ മന്ത്രി നിര്‍ദേശിക്കുകയും ചെയ്തു.
പൊതുമരാമത്ത് റോഡുകള്‍, ദേശീയ പാതകള്‍, കിഫ്ബി, കെഎസ്റ്റിപി പദ്ധതികള്‍ തുടങ്ങിയവയും അവലോകനത്തിനു വിധേയമായി. നിര്‍മാണജോലികളെ പ്രതിസന്ധിയിലാക്കും വിധം തടസങ്ങള്‍ ഉണ്ടായാല്‍ അതതു ജനപ്രതിനിധികളെ അറിയിച്ച് പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കണമെന്നും  മന്ത്രി എം എം മണി പറഞ്ഞു.

RELATED STORIES

Share it
Top