മോശം പെരുമാറ്റം; സംവിധായകന് എതിരേ പരാതിയുമായി നടി രംഗത്ത്‌

കൊച്ചി: ടിവി സീരിയല്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്ന പരാതിയുമായി നടി രംഗത്ത്. സിനിമാ-സീരിയല്‍ നടി നിഷാ സാരംഗാണ് പ്രമുഖ ചാനലിലെ സീരിയല്‍ സംവിധായകനെതിരേ പരാതിയുമായി രംഗത്തുവന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന്റെ അഭിമുഖത്തില്‍ ഇപ്പോള്‍ ഒരു ചാനലില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന സീരിയലിന്റെ സംവിധായകനില്‍ നിന്നു തനിക്കു നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ നിഷ തുറന്നുപറഞ്ഞിരുന്നു. ഈ സീരിയലില്‍ നിഷ അഭിനയിച്ചുവരുകയായിരുന്നു.
നിഷയുടെ തുറന്നുപറച്ചില്‍ വിവാദമായതോടെ സിനിമാ മേഖലയിലെ നടിമാരുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ കലക്റ്റീവ് നിഷയ്ക്കു പിന്തുണയുമായി രംഗത്തുവന്നു. തൊഴില്‍രംഗത്തെ സ്ത്രീ പീഡനം തുറന്നുപറഞ്ഞ നിഷ യുടെ കാര്യത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താന്‍ പോലി സിന് ഉത്തരവാദിത്തമുണ്ടെന്നു അവര്‍ വ്യക്തമാക്കി. ഇതിനിടെ നിഷയ്ക്ക് പിന്തുണയുമായി ആരോപണവിധേയനായ സംവിധായകന്റെ സീരിയല്‍ സംപ്രേഷണം ചെയ്യുന്ന ചാന ല്‍ അധികൃതരും രംഗത്തുവന്നു. നിഷയെ പരമ്പരയില്‍ നിന്നു മാറ്റിയിട്ടില്ലെന്നും നിഷ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സീരിയലിലെ കഥാപാത്രം തുടര്‍ന്നും അവര്‍ തന്നെ അവതരിപ്പിക്കുമെന്നും ചാനല്‍ മാനേജ്‌മെന്റ് തങ്ങളുടെ ഫേസ് ്ബുക്ക് പേജില്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഉയര്‍ന്ന പരാതികള്‍ മാനേജ്‌മെന്റ് ഗൗരവമായി പരിശോധിച്ചുവരുകയാണ്. നിഷ ഉന്നയിച്ച പരാതികള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് അവര്‍ക്ക് ഉറപ്പു നല്‍കിയതായും വ്യക്തമാക്കി.
ഒരു സ്ത്രീക്കും ഇത്തരത്തില്‍ ഒരനുഭവം ഉണ്ടാവാന്‍ പാടില്ലെന്ന് നിഷ സാരംഗ് പിന്നീട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. തനിക്ക് മോശം അനുഭവം നേരിടേണ്ടിവന്ന സംവിധായകന്‍ ഇപ്പോള്‍ താന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സീരിയല്‍ തുടര്‍ന്നും സംവിധാനം ചെയ്യുകയാണെങ്കില്‍ താന്‍ അതില്‍ അഭിനയിക്കില്ലെന്നും നിഷ പറഞ്ഞു. തന്റെ അഭ്യര്‍ഥന പരിഗണിക്കാമെന്ന് ചാനല്‍ പറഞ്ഞിട്ടുണ്ട്. ഇനിയും ശിക്ഷ കിട്ടിയില്ലെങ്കില്‍ അദ്ദേഹം നന്നാവില്ലെന്നു മനസ്സിലായതുകൊണ്ടാണ് താന്‍ രംഗത്തുവന്നതെന്നും നിഷ പറഞ്ഞു.

RELATED STORIES

Share it
Top