മോശം കാലാവസ്ഥ; ഷാര്‍ജയില്‍ ഇറങ്ങേണ്ട വിമാനം തിരിച്ച് കൊച്ചിയിലിറക്കി

നെടുമ്പാശ്ശേരി: കൊച്ചിയില്‍നിന്നു പോയ വിമാനം   കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഷാര്‍ജയില്‍ ഇറക്കാന്‍ കഴിയാതെ തിരിച്ച് കൊച്ചിയിലേക്ക് എത്തി. പ്രകോപിതരായ യാത്രക്കാര്‍ വിമാനത്തില്‍നിന്ന് ഇറങ്ങാതെ മണിക്കൂറുകളോളം പ്രതിഷേധിച്ചു. ശനിയാഴ്ച രാത്രി 9.30ന് നെടുമ്പാശ്ശേരിയില്‍ നിന്നു പോയ ജെറ്റ് എയര്‍ലൈന്‍സ് വിമാനം ഷാര്‍ജ സമയം രാത്രി 12.05നാണ് ഇറങ്ങേണ്ടിയിരുന്നത്.
എന്നാല്‍, അവിടെയെത്തിയപ്പോള്‍ കനത്തമൂടല്‍മഞ്ഞ് തടസ്സമായി. ഇതേതുടര്‍ന്ന് വിമാനം മസ്‌കത്തിലേക്കു തിരിച്ചുവിട്ടു. രാവിലെ 7.45 വരെ എല്ലാ യാത്രക്കാരും വിമാനത്തില്‍ തന്നെ ഇരുന്നു. രാവിലെ മസ്‌കത്തില്‍നിന്നു ഷാര്‍ജയിലേക്ക് തിരിച്ചുപറയ്ക്കാന്‍ അനുമതി തേടിയെങ്കിലും കാലാവസ്ഥ അനുകൂലമാവാത്തതിനാല്‍ അനുമതിലഭിച്ചില്ല. ഈ വിമാനം തിരിച്ച് കൊച്ചിയിെലത്തി യാത്രക്കാരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഷാര്‍ജയിലേക്ക് മടങ്ങാതെ വിമാനത്തില്‍നിന്ന് ഇറങ്ങില്ലെന്ന് യാത്രക്കാര്‍ അറിയിച്ചു. ഇതു സാധ്യമല്ലെന്ന് വിമാന കമ്പനി അധികൃതര്‍ വ്യക്തമാക്കിയതോടെയാണ് യാത്രക്കാര്‍ വിമാനത്തില്‍ നിന്നിറങ്ങാതെ പ്രതിഷേധിച്ചത്. പിന്നീട് പോലിസും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ അനുനയ ശ്രമത്തെ തുടര്‍ന്ന് രണ്ട് മണിക്കൂറിനു ശേഷം യാത്രക്കാരെല്ലാം പുറത്തിറങ്ങി. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ചില യാത്രക്കാരെ രാത്രിയുളള വിമാനങ്ങളിലായി ഷാര്‍ജയ്ക്ക് യാത്രയാക്കി. മറ്റുള്ളവരെ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായുള്ള വിമാനങ്ങളിലായി യാത്രയാക്കും.

RELATED STORIES

Share it
Top