മോദി സര്‍ക്കാര്‍ രാജ്യത്തെ ഉല്‍പാദന മേഖലയെ തകര്‍ക്കുന്നു: തപന്‍ സെന്‍

കളമശേരി: നവലിബറല്‍ സാമ്പത്തിക നയങ്ങളെ കൂട്ടുപിടിച്ച് രാജ്യത്തെ ഉല്‍പാദന മേഖലയെ തകര്‍ക്കുകയാണ് മോദി സര്‍ക്കാര്‍   ചെയ്യുന്നതെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍. സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി കളമശേരി ടൗണ്‍ ഹാളില്‍ നടന്ന നവഉദാരവല്‍ക്കരണം; വ്യവസായ മേഖലകളിലെ പ്രത്യാഘാതങ്ങളും ചെറുത്തുനില്‍പ്പും എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ദാരിദ്ര്യം ആഴത്തിലും പരപ്പിലും വര്‍ധിക്കുകയാണ്. എന്നാല്‍ കോര്‍പറേറ്റുകളും ഊഹക്കച്ചവടക്കാരും ഇടത്തട്ടുകാരും സമ്പത്ത് കുന്നുകൂട്ടുകയും ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു. ദേശീയ താല്‍പ്പര്യങ്ങളെ ബലികഴിച്ച് അമേരിക്കന്‍ സാമ്രാജ്യത്ത്വത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുകയാണ് ഇന്ത്യന്‍ ഭരണവര്‍ഗം ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദേശവിരുദ്ധ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുമ്പോള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉതകുന്ന പദ്ധതികള്‍ ആകര്‍ഷകമായ മുദ്രാവാക്യങ്ങളിലുടെ പ്രചരിപ്പിക്കയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്റെ ലേബര്‍ കോഡ് ഇന്ത്യന്‍ തൊഴിലാളി  വ്യവസായ മേഖലയെ തകര്‍ക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം പറഞ്ഞു. മോദിയുടെ ലേബര്‍ കോഡിന് ഏറ്റവുമധികം ഇരയായി തീരുക കേരളത്തിലെ പതിനാറോളം തൊഴിലാളി ക്ഷേമ ബോര്‍ഡുകളും അതിലുമധികം വരുന്ന ക്ഷേമ പദ്ധതികള്‍ അടങ്ങുന്ന വിപുലമായ സാമൂഹ്യ സുരക്ഷാ സംവിധാനവും ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രന്‍ പിള്ള അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, എം പി സുകുമാരന്‍ നായര്‍, മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ് കെ എന്‍ രവീന്ദ്രനാഥ്, സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ്, സിഐടിയു സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ്, സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സംസാരിച്ചു.

RELATED STORIES

Share it
Top