മോദി സര്‍ക്കാര്‍ പരസ്യത്തിനായി ചെലവാക്കിയത് 3,755 കോടി

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: അധികാരത്തിലേറി മൂന്നരവര്‍ഷത്തിനകം നരേന്ദ്രമോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി മാത്രം ചെലവഴിച്ചത് 3,755 കോടി രൂപ. 2014 ഏപ്രില്‍ മുതല്‍ കഴിഞ്ഞ ഒക്ടോബര്‍വരെയുള്ള കാലയളവിലാണ് ഇത്രയും ഭീമമായ തുക പരസ്യത്തിനായി ചെലവഴിച്ചത്. വിവരാവകാശ നിയമപ്രകാരം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.  2014 ഏപ്രില്‍ മുതല്‍ 2017 വരെയുള്ള കാലത്ത് ഇലക്‌ട്രോണിക് അച്ചടി മാധ്യമങ്ങള്‍ക്കും പുറം പരസ്യങ്ങള്‍ക്കുമായി 37,54,06,23,616 രൂപ ചെലവഴിച്ചുവെന്നാണ്  നോയിഡ സ്വദേശി രാംവീര്‍ തന്‍വാറിന് മന്ത്രാലയം നല്‍കിയ മറുപടി. അധികാരത്തിലേറിയ ശേഷം എത്ര തുക പരസ്യങ്ങള്‍ക്കായി ചെലവഴിച്ചെന്നായിരുന്നു രാംവീറിന്റെ ചോദ്യം. റേഡിയോ, സിനിമ, ഇന്റര്‍നെറ്റ്, ടെലിവിഷന്‍, മൊബൈല്‍ഫോണ്‍ സന്ദേശം എന്നിങ്ങനെയുള്ള ഇലക്‌ട്രോണിക് പരസ്യങ്ങള്‍ക്കായി 1,656 കോടി രൂപ ചെലവഴിച്ചപ്പോള്‍ അച്ചടിമാധ്യമങ്ങളിലൂടെ 1,698 കോടിയുടെ പരസ്യങ്ങളും പാതയോരത്ത് സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, ലഖുലേഖകള്‍, കലണ്ടറുകള്‍, മറ്റു പൊതുസ്ഥലങ്ങളിലുള്ള പരസ്യങ്ങള്‍ക്കുമായി 399 കോടി രൂപയും ചെലവിട്ടതായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാനമായ പല പദ്ധതികള്‍ക്കും നീക്കിവ—ച്ച ബജറ്റിനേക്കാള്‍ വളറെ കൂടുതലാണ് ഈ തുക. കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ അഭിമാന പദ്ധതിയായി കൊട്ടിഘോഷിക്കുന്ന സ്വച്ച് ഭാരതിനു കീഴിലുള്ള മലിനീകരണ നിയന്ത്രണത്തിന് മൂന്നുവര്‍ഷത്തിനിടെ കേവലം 56.8 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ പരസ്യപ്പെടുത്താനായി ചെലവഴിച്ച തുകയുടെ വിവരങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞവര്‍ഷവും രാംവീര്‍ വിവരാവകാശപ്രകാരം അപേക്ഷ നല്‍കിയിരുന്നു. 2014 ജൂണിനും 2016 ആഗസ്തിനുമിടയില്‍ ഈയിനത്തില്‍ 1,100 കോടി രൂപ ചെലവഴിച്ചെന്നായിരുന്നു അന്ന് ലഭിച്ച മറുപടി. കഴിഞ്ഞവര്‍ഷം സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ ഭരണനേട്ടങ്ങള്‍ പ്രചരിപ്പിക്കാനായി മാത്രം ചെലവിട്ടത് 36 കോടി രൂപയായിരുന്നു. രണ്ടു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിശദീകരിക്കാനായി ഡല്‍ഹിയില്‍ നടന്ന ഒരു പുതിയ പ്രഭാതം’എന്ന പേരിലുള്ള ഏകദിന പ്രദര്‍ശനത്തിനും അതിന്റെ പ്രചാരണത്തിനും വേണ്ടി മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ഇത്രയും ഭീമമായ തുക ചെലവിട്ടത്. 2015ല്‍ ഡല്‍ഹിയിലെ എഎപി സര്‍ക്കാര്‍ പരസ്യ ഇനത്തില്‍ 526 കോടി രൂപ ചെലവഴിച്ചതിനെ ബിജെപിയും കോണ്‍ഗ്രസ്സും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.അതേസമയം, പ്രധാനമന്ത്രിയുടെ മന്‍കീ ബാത്ത് എന്ന മാസാന്ത റേഡിയോ പ്രഭാഷണ പരിപാടിയുടെ പരസ്യം പത്രങ്ങളില്‍ നല്‍കുന്നതിന് മാത്രം കേന്ദ്രസര്‍ക്കാര്‍ 2015 ജൂലൈ വരെ ചെലവഴിച്ചത് 8.5 കോടി രൂപയായിരുന്നു. കേന്ദ്രത്തിലെ പ്രധാന മന്ത്രാലയങ്ങളിലെ മന്ത്രിമാര്‍ക്കു സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനായി ഒരുവര്‍ഷം അനുവദിക്കുന്ന ബജറ്റിനേക്കാള്‍ കൂടുതലാണ് സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top