മോദി സര്‍ക്കാര്‍ തട്ടിപ്പുകാരുടെ കൂടെ

രാജ്യം വിടുന്നതിനു മുമ്പ് ഒത്തുതീര്‍പ്പിനായി താന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വിജയ് മല്യയുടെ വെളിപ്പെടുത്തല്‍ രാഷ്ട്രീയവൃത്തങ്ങളില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. 9,000 കോടി രൂപയുടെ തട്ടിപ്പു നടത്തി രാജ്യം വിട്ട മല്യ ലണ്ടനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
മല്യയുടെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് ജെയ്റ്റ്‌ലി രംഗത്തുവന്നിട്ടുണ്ടെങ്കിലും സാഹചര്യത്തെളിവുകള്‍ ജെയ്റ്റ്‌ലിക്കെതിരാണ്. സുബ്രഹ്മണ്യന്‍ സ്വാമി, മല്യക്കെതിരേയുള്ള ലുക്കൗട്ട് നോട്ടീസില്‍ ജെയ്റ്റ്‌ലി ഇടപെട്ടുവെന്നു പറയുന്നു. പ്രധാനമന്ത്രി അടക്കമുള്ള ബിജെപി നേതാക്കളെ ചുറ്റിപ്പറ്റി ഉയരുന്ന ഇത്തരം ആരോപണങ്ങള്‍ കേന്ദ്ര ഭരണകൂടത്തെയും ബിജെപി നേതൃത്വത്തെയും പ്രതിരോധത്തിലാക്കിയിട്ടുണ്ടെന്നു വ്യക്തം. ഒരു ജനാധിപത്യ ഭരണക്രമത്തില്‍ അനിവാര്യമായും പ്രതീക്ഷിക്കാവുന്ന സുതാര്യതയും വ്യക്തതയും ഒരിക്കലും നിലനിര്‍ത്തിയിട്ടില്ലാത്ത എന്‍ഡിഎ ഭരണകൂടം ജനങ്ങളില്‍ നിന്ന് അകന്ന ഒരു ദുരൂഹ വ്യവഹാരമാണെന്ന തോന്നല്‍ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ മുമ്പുതന്നെ വ്യാപകമായിട്ടുണ്ട്.
യുപിഎ ഭരണകൂടത്തിന്റെ അഴിമതികള്‍ക്കെതിരേ വലിയതോതില്‍ വികാരം ഇളക്കിവിട്ടാണ് 2014ല്‍ ബിജെപി ഗവണ്‍മെന്റ് കേന്ദ്രത്തില്‍ അധികാരത്തിലേറിയത്. എന്നാല്‍, വലിയ പ്രഖ്യാപനങ്ങളും അവകാശവാദങ്ങളും കൊണ്ട് ജനങ്ങളെ മയക്കിക്കിടത്തുന്നതിനപ്പുറം നടപ്പാക്കപ്പെട്ട ശ്രദ്ധേയമെന്നു പറയാവുന്ന ഒരു ജനക്ഷേമ നടപടിയും അവര്‍ക്കു ചൂണ്ടിക്കാണിക്കാനില്ല. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ രാജ്യത്തിന്റെ സാമ്പത്തികരംഗം വന്‍ തകര്‍ച്ചയെ അഭിമുഖീകരിക്കേണ്ടിവന്നു. വളര്‍ച്ചാനിരക്കിനെപ്പറ്റിയുള്ള തെറ്റായ കണക്കുകള്‍ വച്ചുകൊണ്ടുള്ള വാഗ്‌ധോരണിയില്‍ മാത്രമാണ് നാം വളര്‍ച്ച കണ്ടത്. കള്ളപ്പണക്കാരെ അടിച്ചമര്‍ത്താനെന്നു പറഞ്ഞു നടപ്പാക്കിയ നോട്ടുനിരോധനം പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നുപോലും കൈവരിക്കാനാവാതെ ജനങ്ങള്‍ക്കു വലിയ നഷ്ടങ്ങള്‍ മാത്രം ബാക്കിവച്ചാണ് അവസാനിച്ചത്. ഇതിന്റെ മറപറ്റി വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി ആരോപിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ ബിജെപി അധ്യക്ഷനും അദ്ദേഹത്തിന്റെ മകനുമുണ്ട്.
വിജയ് മല്യയുടെ പാത പിന്‍പറ്റി 13,000 കോടിയുമായി രാജ്യം വിട്ട നീരവ് മോദിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള അടുത്തബന്ധത്തിലും ദുരൂഹത എറെയാണ്. ഇന്ത്യന്‍ ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പായിരുന്നു ഇയാളും ബന്ധുവായ മെഹുല്‍ ചോക്‌സിയും ചേര്‍ന്നു നടത്തിയത്. കേന്ദ്രമന്ത്രിസഭയിലെ പ്രമുഖനായ പിയൂഷ് ഗോയലിനെതിരേ ഉയര്‍ന്ന കോടികളുടെ അഴിമതിയാരോപണങ്ങള്‍ക്ക് ഇതുവരെയും മറുപടി ഉണ്ടായിട്ടില്ല. ഇതിനെല്ലാം പുറമേയാണ് റഫേല്‍ യുദ്ധവിമാന ഇടപാടുകള്‍. രാജ്യരക്ഷാ ഇടപാടായതിനാല്‍ എല്ലാം രഹസ്യമാണെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് മോദിയും ഫ്രഞ്ച് പ്രസിഡന്റ് മാക്രോണും റഫേല്‍ കരാര്‍ ഒപ്പിട്ടത്. എല്ലാ അര്‍ഥത്തിലും മുഖം നഷ്ടപ്പെട്ട ബിജെപി ധാര്‍മികതയുടെ ബലത്തിലല്ല, പ്രതിപക്ഷത്തിരിക്കുന്നവരുടെ ദൗര്‍ബല്യങ്ങളില്‍ പദമൂന്നിയാണ് ഭരണം നിലനിര്‍ത്തുന്നതും മുന്നോട്ടുപോവുന്നതും എന്നേ പറയാന്‍ കഴിയൂ.

RELATED STORIES

Share it
Top