മോദി സര്‍ക്കാരിന്റേത് രാജ്യംകണ്ട ഏറ്റവുംവലിയ അഴിമതി: രമേശ് ചെന്നിത്തല

പാലക്കാട്: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് മോദി സര്‍ക്കാര്‍ റഫേല്‍ യുദ്ധ വിമാന ഇടപാടിലൂടെ നടത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാലക്കാട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നരേന്ദ്രമോദിയുടെ സുഹൃത്തിന്റെ കമ്പനിയായ റിലയന്‍സിന് 1.3 ലക്ഷം കോടി രൂപയുടെ നേട്ടമാണ് ഉണ്ടായിട്ടുള്ളതെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന വിവരം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇക്കാര്യം പുറത്തു വിട്ടിട്ടുണ്ട്.
3000 കോടി രൂപയുടെ കരാര്‍ സ്വന്തമാക്കിയ റിലയന്‍സ് കമ്പനി ആജീവനാന്ത കരാര്‍ വഴി ഒരു ലക്ഷം കോടി രൂപ അധിക വരുമാനം നേടുമെന്നാണ് ഇപ്പോള്‍ പുറത്തുവന്ന വിവരം. ഈ വിവാദ കരാര്‍ എത്ര രൂപയ്ക്കാണെന്ന് പോലും പുറത്തു പറയാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാരും ബി ജെ പിയും കൈക്കൊണ്ടിട്ടുള്ള നിലപാട്. ഇത് തന്നെ കള്ളത്തരമാണ്. അഴിമതി ഒളിച്ചു വെക്കുന്നതിനാണ് കരാര്‍ തുക എത്രയെന്നു പോലും പറയാന്‍ പറ്റില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇതുപോലുള്ള വലിയ കരാറുകളില്‍ ഒപ്പിടുമ്പോള്‍ ക്യാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റിയുടെ അംഗീകാരം വേണമെന്ന നിബന്ധനയും മോദി കാറ്റില്‍ പറത്തി. ആകെപ്പാടെ ദുരൂഹമാണ് കരാര്‍. കരാര്‍ തുക എത്രയെന്ന് പറയാന്‍ പറ്റില്ലെന്ന് പറയുന്നു. പൊതുമേഖലാ സ്ഥാപനത്തെ ഒഴിവാക്കുന്നു. അപ്പോള്‍ രൂപീകരിച്ച സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കുന്നു. പ്രധാനമന്ത്രി എന്ന നിലയ്ക്ക് രാജ്യം മോദിക്ക് നല്‍കിയ ഉത്തവാദിത്വം അദ്ദേഹം സുഹൃത്തായ സ്വകാര്യ വ്യവസായിക്ക് വേണ്ടി ദുരുപയോഗപ്പെടുത്തുകയായിരുന്നു. മോദി രാജ്യത്തെ വഞ്ചിക്കുകയാണ് ചെയ്തത്. ബി ജെ പി സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍, നേതാക്കളായ എ തങ്കപ്പന്‍, പി വി രാജേഷ് പങ്കെടുത്തു.
കുട്ടനാട്ടിലെ
വെള്ളപ്പൊക്കം
നിയന്ത്രിക്കുന്നതില്‍ കുറ്റകരമായ വീഴ്ച
പാലക്കാട്: കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് കുറ്റകരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാലക്കാട്ട് പറഞ്ഞു. തണ്ണീര്‍മുക്കം ബണ്ട് കൃത്യസമയത്ത് തുറക്കാത്തതാണ് വെള്ളപ്പൊക്കം ഇത്രയും രൂക്ഷമാകാന്‍ കാരണം. പ്രളയം നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് ജലവിഭവ വകുപ്പിനുള്ളത്. തണ്ണീര്‍മുക്കം ബണ്ട് മാത്രമല്ല, തോട്ടപ്പള്ളി സ്പില്‍വേ വഴി പ്രളയ ജലം ഒഴുക്കി വിടുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. സര്‍ക്കാരിന്റെ പിടിപ്പുകേട് ജനങ്ങള്‍ക്ക് ആപത്തായി മാറുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top