മോദി സര്‍ക്കാരിന്റെ നയങ്ങള്‍: കര്‍ഷകര്‍ക്ക് നഷ്ടം 2.6 ലക്ഷം കോടി

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങളിലും തുടര്‍ച്ചയായ വാഗ്ദാനലംഘനങ്ങളിലും ഇന്ത്യന്‍ കര്‍ഷകര്‍ക്ക് 2017-18 വര്‍ഷത്തെ പ്രധാന വിളവെടുപ്പുകളില്‍ നഷ്ടമായത് 2.6 ലക്ഷം കോടി രൂപ. ഉഷ്ണകാല വിളകളില്‍ (ഖാരിഫ് വിളകള്‍) രണ്ടുലക്ഷം കോടിയും ശൈത്യകാല വിളവെടുപ്പില്‍ (റാബി വിളകള്‍) 60,861 കോടി രൂപയുമാണു നഷ്ടമായത്.
ഉല്‍പാദന ചെലവിന്റെ ഒന്നരമടങ്ങ് (150 ശതമാനം) താങ്ങുവിലയായി കര്‍ഷകര്‍ക്ക് നല്‍കുമെന്ന വാഗ്ദാനം മോദി സര്‍ക്കാര്‍ പാലിക്കാത്തതാണ് കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടമുണ്ടാക്കിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച രീതിയില്‍ ഒരുരൂപ പോലും ഇതുവരെ കര്‍ഷകര്‍ക്കു ലഭിച്ചിട്ടില്ലെന്ന് ന്യൂസ് ക്ലിക്ക് റിപോര്‍ട്ട് ചെയ്യുന്നു. എം എസ് സ്വാമിനാഥന്‍ ചെയര്‍മാനായ ദേശീയ കര്‍ഷക കമ്മീഷനാണ് കര്‍ഷകര്‍ക്ക് ഇത്തരത്തിലുള്ള ആനുകൂല്യത്തിന് ശുപാര്‍ശ ചെയ്തത്. കൂടാതെ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ക്കിടയില്‍ എന്‍ഡിഎയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനവും ഇതായിരുന്നു. എന്നാല്‍, ഈ വാഗ്ദാനങ്ങള്‍ ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് കമ്മീഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ കോസ്റ്റ് ആന്റ് പ്രൈസസ് റിപോര്‍ട്ട് വ്യക്തമാക്കുന്നത്.
ഒരു ക്വിന്റല്‍ ഗോതമ്പിന് 1,256 രൂപയാണ് ഉല്‍പാദന ചെലവ്. സര്‍ക്കാര്‍ വാഗ്ദാനപ്രകാരം ഉല്‍പാദന ചെലവും അതിന്റെ 50 ശതമാനവും കണക്കാക്കി 1,884 രൂപ വീതമാണ് കര്‍ഷകര്‍ക്കു ലഭിക്കേണ്ടത്. എന്നാല്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില 1,735 രൂപ മാത്രമാണ്. ഒരു ക്വിന്റലിന്് 149 രൂപയുടെ നഷ്ടം കര്‍ഷകര്‍ക്കുണ്ടാവുന്നു. ഇങ്ങനെ ഏഴുകോടി ടണ്‍ ഗോതമ്പാണ് കമ്പോളത്തിലെത്തിയത്. ഇതുപ്രകാരം ഗോതമ്പു കര്‍ഷകര്‍ക്കു മാത്രം 10,000 കോടിയാണു നഷ്ടം. ഇത്തരത്തില്‍ വിവിധ വിളകള്‍ ഉല്‍പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് കഴിഞ്ഞ രണ്ട് സീസണില്‍ മാത്രം മൊത്തം 2.6 ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. കര്‍ഷക ആത്മഹത്യ ഇന്ത്യയില്‍ നിര്‍ബാധം തുടരുമ്പോഴും മോദി സര്‍ക്കാര്‍ കര്‍ഷകവിരുദ്ധ നയങ്ങള്‍ തുടരുകയാണെന്നാണ് റിപോര്‍ട്ട് വ്യക്തമാക്കുന്നത്.

RELATED STORIES

Share it
Top