മോദി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ സമീപനത്തെ അപലപിച്ച് സിപിഐ പ്രമേയം

കൊല്ലം:തൊഴിലാളിവര്‍ഗം നിലവില്‍ നേടിയെടുത്ത അവകാശങ്ങള്‍ പോലും തകര്‍ത്തെറിയുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ സമീപനത്തെ അപലപിച്ച് സിപിഐയുടെ 23ാം കോണ്‍ഗ്രസില്‍ പ്രമേയം.
വ്യവസായ സൗഹൃദമെന്നും നിക്ഷേപ സൗഹൃദമെന്നും ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് അവകാശപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും അടിക്കടി നിയമപരിഷ്‌ക്കരണം കൊണ്ടുവരികയാണ്. തൊഴിലാളി വര്‍ഗത്തിന്റെ സംഘടിക്കാനും വിലപേശല്‍ നടത്താനും വേണ്ടി സമരം ചെയ്യാനുള്ള അവകാശത്തിനുമേല്‍ കടയ്ക്കല്‍ കത്തിവയ്ക്കുന്ന നിയമഭേദഗതികള്‍ ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ കൊണ്ടുവന്നുകഴിഞ്ഞു.
ജോലി ചെയ്ത് മാന്യമായ വേതനം ലഭിക്കുന്നതിനുള്ള അവകാശങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങളും മോദി സര്‍ക്കാര്‍ ചെയ്തുവരികയാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ മുതലാളിത്ത അനുകൂല ബാങ്കിങ് നിയങ്ങളെ അപലപിച്ച് മറ്റൊരു പ്രമേയവും സമ്മേളനത്തില്‍ അവതരിപ്പിച്ചു.
സാധാരണ ജനങ്ങളുടെ വിലപ്പെട്ട നിക്ഷേപങ്ങള്‍ കോര്‍പറേറ്റകളുടെയും നിക്ഷിപ്ത താല്‍പ്പര്യക്കാരുടെയും കൈകളിലെത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. അതിനുവേണ്ടി ബാങ്കുകളെ ലയിപ്പിക്കുന്നു. വന്‍കിട ബിസിനസുകാര്‍ക്ക് കൂടുതല്‍ സഹായം നല്‍കാനും സാമൂഹ്യമായ ഉത്തരവാദത്തങ്ങളില്‍ നിന്ന് ബാങ്കുകളെ അകറ്റി മുതലാളിത്ത സംവിധാനത്തിനും കോര്‍പ്പറേറ്റുകള്‍ക്കും പൂര്‍ണമായി അടിയറ വയ്ക്കുന്നതിനുമാണ് ഇത് ഇടയാക്കുക. ഇതിനെതിരെ എഐബിഇഎയും ബാങ്ക് യൂണിയനുകളും നടത്തുന്ന ശക്തമായ സമരങ്ങളെ പാര്‍ട്ടി പിന്തുണയ്ക്കുന്നതായും പ്രമേയത്തില്‍ വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരന്റെ നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top