മോദി സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് ദേശവ്യാപക പ്രചാരണത്തിന്‌

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്തുന്ന മോദി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരേ കോണ്‍ഗ്രസ് ദേശവ്യാപക പ്രചാരണത്തിന്. ഭരണഘടനാ സംരക്ഷിക്കുക എന്നപേരില്‍ പ്രചാരണത്തിനു ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടിയോടെ തുടക്കമായി. പരിപാടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ഉള്ളിടത്തോളം കാലം ഭരണഘടനയേയോ ഭരണഘടനാ സ്ഥാപനങ്ങളേയോ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കമിട്ടത്. നരേന്ദ്രമോദി ഭരണത്തിനു കീഴില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ന്നുവെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്ത് ദലിതര്‍ക്കെതിരേ ആക്രമണമുണ്ടായാലും സ്ത്രീകളെ പീഡിപ്പിച്ചാലും മോദിക്ക് ഒന്നും പറയാനില്ല. മോദിക്ക് താല്‍പര്യമുള്ള ഏക വിഷയം വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രി എങ്ങനെ ആവാം എന്നതു മാത്രമാണ്. സുപ്രിംകോടതി പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളില്‍ ആര്‍എസ്എസ് ആശയങ്ങളുമായി നടക്കുന്നവരെ കുത്തിനിറച്ച് നശിപ്പിക്കുകയാണ്. നീരവ് മോദി, ലളിത് മോദി, വിജയ് മല്യ കേസുകളില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും രാഹുല്‍ പറഞ്ഞു.
ബേഠി ബച്ചാവോ ബേഠി പഠാവോ എന്ന മുദ്രാവാക്യം ബിജെപി സെ ബേഠി ബച്ചാവോ എന്നാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. രാജ്യത്തെ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കേണ്ടത് ബിജെപി എംഎല്‍എമാരില്‍ നിന്നാണെന്നും രാഹുല്‍ പറഞ്ഞു.

RELATED STORIES

Share it
Top