മോദി സര്‍ക്കാരിനെതിരേ അവിശ്വാസം നാളെ; 12 പ്രതിപക്ഷ കക്ഷികള്‍ നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്‌സഭ നാളെ പരിഗണിക്കും. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്നലെ കോണ്‍ഗ്രസും ഭരണകക്ഷി എന്‍ഡിഎയിലെ മുന്‍ ഘടകകക്ഷിയായ തെലുഗുദേശം പാര്‍ട്ടി(ടിഡിപി)യും അടക്കം 12 പ്രതിപക്ഷ കക്ഷികളാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസ്സുമാണ് ആദ്യം നോട്ടീസ് നല്‍കിയത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇരുകക്ഷികളും കേന്ദ്രസര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുകയാണ്.
കോണ്‍ഗ്രസ്, സിപിഎം ഉള്‍പ്പെടെ മറ്റ് പ്രതിപക്ഷപ്പാര്‍ട്ടികളും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് അവിശ്വാസ പ്രമേയത്തിന് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുമതി നല്‍കുകയായിരുന്നു. ചര്‍ച്ചയ്ക്കു സര്‍ക്കാര്‍ തയ്യാറാണെന്നും പത്തു ദിവസത്തിനുള്ളില്‍ നോട്ടീസ് പരിഗണിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. കര്‍ഷക ആത്മഹത്യകളും രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതും അടക്കമുള്ള വിഷയങ്ങള്‍ നോട്ടീസ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷനേതാക്കള്‍ ചൂണ്ടിക്കാട്ടി.
തെലുഗുദേശം പാര്‍ട്ടിക്കു വേണ്ടി ലോക്‌സഭാംഗമായ കെസിനേനി ശ്രീനിവാസാണ് നോട്ടീസ് അവതരിപ്പിച്ചത്. 50ലധികം പ്രതിപക്ഷ എംപിമാര്‍ പിന്തുണ നല്‍കി. കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ കക്ഷികള്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറാണെന്നാണ് അവിശ്വാസ പ്രമേയ നീക്കത്തെക്കുറിച്ച് പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ പ്രതികരിച്ചത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 273 അംഗങ്ങളുടെ പിന്തുണയാണ് ഭരണകക്ഷിക്കു വേണ്ടത്.
നിലവില്‍ 545 അംഗ ലോക്‌സഭയില്‍ ഭരണകക്ഷിയായ ബിജെപിക്കു മാത്രമായി സ്പീക്കറുള്‍പ്പെടെ 273 അംഗങ്ങളാണുള്ളത്. ഈ സാഹചര്യത്തില്‍ എന്‍ഡിഎയിലെ മറ്റു ഘടകകക്ഷികളുടെ പിന്തുണ ഉറപ്പിക്കുന്നത് ബിജെപിക്ക് സുപ്രധാനമാണ്. സ്പീക്കര്‍ക്ക് അവിശ്വാസ പ്രമേയത്തില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ല.
എന്നാല്‍, പ്രമേയത്തിന് ആവശ്യമായ പിന്തുണ ലഭിക്കുമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സഭയില്‍ വേണ്ടത്ര അംഗബലമില്ലല്ലോ എന്ന ചോദ്യത്തിന്, തങ്ങള്‍ക്ക് ആളുകളില്ലെന്ന് ആരാണു പറഞ്ഞതെന്ന് യുപിഎ അധ്യക്ഷയും കോണ്‍ഗ്രസ് നേതാവുമായ സോണിയാഗാന്ധി ചോദിച്ചു. പ്രമേയം വിജയിക്കുക എന്നതിലുപരി പ്രതിപക്ഷ കക്ഷികള്‍ക്കിടയിലെ ഐക്യം പ്രകടിപ്പിക്കുക എന്നതിനും നാലു വര്‍ഷത്തെ എന്‍ഡിഎ ഭരണത്തിന്റെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിനുമാവും കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും പ്രാധാന്യം നല്‍കുക.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സഭയിലെ ബഹളം ചൂണ്ടിക്കാട്ടി സ്പീക്കര്‍ അനുമതി നല്‍കിയിരുന്നില്ല. ആന്ധ്രയുടെ പ്രത്യേക പദവി അടക്കമുള്ള വിഷയങ്ങള്‍ പരിഗണിക്കാന്‍ ഭരണപക്ഷം തയ്യാറാവാത്തതിനെ തുടര്‍ന്നായിരുന്നു അത്. തുടര്‍ന്ന് എന്‍ഡിഎ മുന്നണിയില്‍ നിന്ന് ടിഡിപി പുറത്തുപോവുകയും ചെയ്തു.
15 വര്‍ഷത്തിനിടെ ഇതാദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിക്കാന്‍ പോവുന്നത്. ഇതിനു മുമ്പ് 2003ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെതിരേയാണ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാല്‍, അതു പരാജയപ്പെടുകയായിരുന്നു.

RELATED STORIES

Share it
Top