മോദി സര്‍ക്കാരിനെതിരേ അവിശ്വാസവുമായി കോണ്‍ഗ്രസും

ന്യൂഡല്‍ഹി: ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവയ്ക്കു പിന്നാലെ നരേന്ദ്രമോദി സര്‍ക്കാരിനെതിരേ ലോക്‌സഭയില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും തീരുമാനിച്ചു. ഇനി സഭ സമ്മേളിക്കുന്ന ചൊവ്വാഴ്ച കോണ്‍ഗ്രസ്സിന്റെ എല്ലാ എംപിമാരും ലോക്‌സഭയില്‍ ഹാജരാവണമെന്ന് പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച അവിശ്വാസപ്രമേയം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്നലെ ലോക്‌സഭാ സെക്രട്ടറി ജനറലിന് കത്തു നല്‍കി.
പ്രമേയത്തെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ഥിച്ച് ഖാര്‍ഗെ മറ്റു പ്രതിപക്ഷ പാര്‍ട്ടികളെ സമീപിച്ചു. കേന്ദ്ര മന്ത്രിസഭയെ പിന്തുണച്ചിരുന്ന തെലുഗുദേശം പാര്‍ട്ടി (ടിഡിപി), ആന്ധ്രപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ നല്‍കിയ അവിശ്വാസ പ്രമേയം ഇതുവരെ സ്പീക്കര്‍ പരിഗണിച്ചിട്ടില്ല. എഐഎഡിഎംകെ കാവേരി വിഷയം ഉന്നയിച്ച് സഭയില്‍ നടത്തുന്ന പ്രതിഷേധം ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ സുമിത്രാ മഹാജന്‍ അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാതെ ലോക്‌സഭ പിരിച്ചുവിടുന്നത്.
അതേസമയം, ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ തുടര്‍ച്ചയായ 15ാം ദിവസവും പാര്‍ലമെന്റിന്റെ ഇരുസഭകളും നടപടികള്‍ പൂര്‍ത്തിയാക്കാനാവാതെ പിരിഞ്ഞു. പതിവുപോലെ ഇന്നലെയും സഭ ചേര്‍ന്നയുടനെ തന്നെ പ്രതിഷേധവും ആരംഭിച്ചു. ബഹളത്തിനിടെ മന്ത്രിമാര്‍ പേപ്പറുകള്‍ മേശപ്പുറത്തു വയ്ക്കുന്ന നടപടികള്‍ കഴിഞ്ഞയുടനെ, ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ്  അവിശ്വാസ പ്രമേയത്തിന് കത്തു നല്‍കിയ വിവരം ഇന്നലെയും സ്പീക്കര്‍ സഭയെ അറിയിച്ചു. പ്രമേയം പരിഗണിക്കാന്‍ നിയമപരമായി തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും ഇക്കാര്യത്തില്‍ ഭരണകക്ഷിക്കു പ്രശ്‌നമില്ലെന്നും വ്യക്തമാക്കിയ സ്പീക്കര്‍ പക്ഷേ, സഭാനടപടികള്‍ ക്രമത്തിലായാല്‍ മാത്രമേ താന്‍ പ്രമേയം പരിഗണിക്കൂവെന്നും അറിയിച്ചു.
അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുന്ന 50 അംഗങ്ങള്‍ അവരവരുടെ ഇരിപ്പിടങ്ങളിലുണ്ടെന്ന് തനിക്ക് എണ്ണിത്തിട്ടപ്പെടുത്തണമെന്ന് സ്പീക്കര്‍ പറഞ്ഞു. എന്നാല്‍, സഭയുടെ നടുത്തളത്തില്‍ പ്രതിഷേധം നടക്കുമ്പോള്‍ അതിനു സാധിക്കില്ലെന്ന് അറിയിച്ച് സ്പീക്കര്‍ ഇന്നലെയും സഭ പിരിച്ചുവിടുകയായിരുന്നു.

RELATED STORIES

Share it
Top