മോദി രാജ്യത്തോട് മാപ്പുപറയണം:കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം കേസിലെ കോടതിവിധിയിലൂടെ സത്യം പുറത്തുവന്നെന്നു കോ ണ്‍ഗ്രസ്. പാര്‍ട്ടിക്കെതിരായ പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പു പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യുപിഎ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും അധികാരം പിടിച്ചെടുക്കാനും വേണ്ടി നരേന്ദ്രമോദിയും അരുണ്‍ ജെയ്റ്റ്‌ലിയും അടക്കമുള്ള നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സര്‍ക്കാരിന്റെ ഉന്നത നേതൃത്വത്തിനെതിരേയാണ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചത്. ആരോപണം കെട്ടിച്ചമച്ചതാണെന്നു വിധിയിലൂടെ വ്യക്തമായതായി മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം പറഞ്ഞു.വിധി സത്യത്തിന്റെ വിജയമാണ്. നുണപ്രചാരണം നടത്തിയ ബിജെപിയുടെ തനിനിറം വ്യക്തമായി. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അധികാരത്തില്‍ എത്താന്‍ ബിജെപി ശ്രമിച്ചതു രാജ്യത്തിനു മുഴുവന്‍ നാണക്കേടാണെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദ്വീപ് സുര്‍ജേവാല പറഞ്ഞു.വിധിയില്‍ ഏറെ സന്തോഷമുണ്ടെന്നായിരുന്നു കരുണാനിധിയുടെ ഭാര്യ രാസാത്തിയമ്മാളിന്റെ പ്രതികരണം. രാവിലെ രാജ്യസഭ ആരംഭിച്ചപ്പോള്‍ തന്നെ കോടതിവിധി ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയ പ്രതിപക്ഷ നേതാവു ഗുലാംനബി ആസാദ്, തെറ്റാണെന്നു തെളിഞ്ഞ ആരോപണങ്ങളുടെ പിന്‍ബലത്തിലാണു നിങ്ങള്‍ ഭരണപക്ഷത്തും ഞങ്ങള്‍ പ്രതിപക്ഷത്തുമിരിക്കുന്നതെന്നു ബിജെപി അംഗങ്ങളോടു പറഞ്ഞു. ഇതു രേഖയില്‍ നിന്ന് മാറ്റുമെന്ന് സഭാ അധ്യക്ഷന്‍ വെങ്കയ്യനായിഡു അറിയിച്ചു. രാജ്യത്ത് നീതി നിലനില്‍ക്കുന്നുവെന്നു  വ്യക്തമായെന്നു ശശി തരൂര്‍ എംപി പറഞ്ഞു.

RELATED STORIES

Share it
Top