മോദി രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്നു : പന്ന്യന്‍കല്‍പ്പറ്റ: രാജ്യത്തെ ഭിന്നിപ്പിച്ചുഭരിക്കാന്‍ ബിജെപി വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണെന്ന് സിപിഐ ദേശീയ സെക്രട്ടറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. വയനാട് തോട്ടം തൊഴിലാളി യൂണിയന്‍(എഐടിയുസി) സ്ഥാപക പ്രസിഡന്റും സിപിഐ വയനാട് ജില്ലാ സെക്രട്ടറിയും അവിഭക്ത മേപ്പാടി പഞ്ചായത്തിന്റെ പ്രസിഡന്റുമായിരുന്ന വിഎന്‍എസിന്റെ പതിമൂന്നാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി വയനാട് തോട്ടം തൊഴിലാളി യൂണിയന്‍(എഐടിയുസി) ചൂരല്‍മലയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നുണകള്‍ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്ന ഭരണാധികാരിയാണ് നരേന്ദ്രമോഡി. എന്‍ഡിഎ ഭരണത്തില്‍  രാജ്യവ്യാപകമായി ജനജീവിതം ദുസഹമായി. കോര്‍പറേറ്റുകള്‍ക്ക് സഹായകമായ കേന്ദ്ര നിലപാടുകള്‍  ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുകയാണ്. കേന്ദ്ര ഭരണത്തില്‍ ആര്‍എസ്എസ് പിടിമുറുക്കുകയാണ്. ഭരണതലത്തിലെ വീഴ്ചകള്‍ക്കെതിരെ ശബ്ദിക്കുന്നവരെ കരിനിയമങ്ങള്‍ ഉപയോഗിച്ചാണ് നേരിടുന്നത്. വര്‍ഗീയതയ്‌ക്കെതിരെ പോരാടാന്‍ ഇടതുപക്ഷത്തിനേ കഴിയൂ. അതുകൊണ്ടാണ് ബിജെപി മുഖ്യശത്രുക്കായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ കാണുന്നത്. കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളെ ഞെക്കിക്കൊല്ലാനാണ് ബിജെപി ശ്രമം. കേരളത്തിനുള്ള അരി വിഹിതം വെട്ടിക്കുറച്ചതും വരള്‍ച്ച പ്രതിരോധത്തിനു ആവശ്യമായ പണം അനുവദിക്കാത്തതും ഇതര സഹായങ്ങള്‍ നിഷേധിക്കുന്നതും  ബിജെപിയുടെ കമ്മ്യൂണിസ്റ്റ് ഭരണകൂടവിരുദ്ധ സമീപനങ്ങളുടെ ഭാഗമാണ്. മലമടക്കുകളില്‍ തൊഴിലാളികളെ സംഘടിപ്പിച്ച പോരാളിയായായിരുന്നു വിഎന്‍എസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന വിഎന്‍ ശിവരാമന്‍ നായരെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. തോട്ടം തൊഴിലാളികളുടെ മക്കളില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് അദ്ദേഹം വിതരണം ചെയ്തു.  സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം സിഎസ് സ്റ്റാന്‍ലിന്‍, എഐടിയുസി ജില്ലാ പ്രസിഡന്റ് എസ് ജി സുകുമാരന്‍, സിപിഐ ജില്ലാ കമ്മിറ്റിയംഗം മഹിത മൂര്‍ത്തി, അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് യൂനിയന്‍ ജില്ലാ പ്രസിഡന്റ് കെ എന്‍ പ്രേമലത സംസാരിച്ചു.

RELATED STORIES

Share it
Top