മോദി മുസ്സോളിനിക്ക് സമാനന്‍: പന്ന്യന്‍ രവീന്ദ്രന്‍

കോഴിക്കോട്: വിശ്വസിക്കാന്‍ പറ്റാത്ത ലോകനേതാക്കളില്‍ പ്രമുഖനായ മുസ്സോളിനിക്ക് തുല്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. കെ എം കുട്ടികൃഷ്ണന്‍ അനുസ്മരണവും പുരസ്‌കാരദാന ചടങ്ങും ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ജനതയെ പറഞ്ഞു പറ്റിച്ച മോദിയെ സംഘപരിവാര സംഘങ്ങള്‍ തന്നെ അവിശ്വസിച്ചു തുടങ്ങി. സംഘപരിവാരത്തിന്റെ ലോക നേതാവായ തൊഗാഡിയ പോലും താന്‍ അരക്ഷിത ജീവിതത്തിലാണെന്ന് സമ്മതിക്കേണ്ട നിലയിലേക്കാണ് മോദി ഏകാധിപത്യ ഭരണം നടത്തുന്നത്. പുരാണത്തില്‍ പറഞ്ഞ പ്രകാരം ഇന്ത്യയില്‍ കലിയുഗം ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യന്‍ കലികാലത്തിന്റെ അമരക്കാരനാണ് മോദി. ലോകത്തെ ചൂഷക പ്രമാണിമാര്‍ക്ക് ഇന്ത്യയില്‍ ഒത്താശ ചെയ്യുക എന്നതാണ് മോദിയുടെ നിയോഗം. അതുകൊണ്ടാണ് ഇന്ത്യയില്‍ അമേരിക്കന്‍ മോഡല്‍ ചൂഷണ ഭരണം നടക്കുന്നത്. മോദി പ്രഖ്യാപിച്ച അഛാദിന്‍ സാധാരണക്കാര്‍ക്ക് വേണ്ടിയല്ല. അഛാദിന്‍ ആഘോഷിക്കുന്നത് വന്‍ വ്യവസായികളും നീരവ് മോദിയെപോലുള്ള അനഭിമത വ്യവസായികളുമാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തതിന്റെ പേരില്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പോലും നിഷേധിക്കുന്ന ബാങ്കുകള്‍ നീരവ് മോദിമാര്‍ക്ക് ദശകോടികളാണ് ഒരു ഈടുമില്ലാതെ വായ്പ നല്‍കുന്നത്. ഇവര്‍ വായ്പകള്‍ തിരിച്ചടക്കാതിരുന്നപ്പോഴും, നാടുവിടാനൊരുങ്ങുമ്പോഴും ബാങ്കുകളും സര്‍ക്കാറും ഒന്നും ചെയ്തില്ല. ഇപ്പോള്‍ ബാങ്കുകളെ പറ്റിച്ചു മുങ്ങിയ വന്‍ വ്യവസായികളുടെ കടം വീട്ടാന്‍ സര്‍ക്കാര്‍ ജനങ്ങളുടെ ചിലവില്‍ കോടികള്‍ കടം വാങ്ങുകയാണ്. എല്ലാം സ്വകാര്യ വല്‍ക്കരിക്കാനും, ഉള്ള തൊഴില്‍ സുരക്ഷ ഇല്ലാതാക്കാനുമാണ് ശ്രമം. റയില്‍വേ ബജറ്റ്്്്് പാര്‍ലമെന്റില്‍ അവതാരിപ്പാക്കാതെ ഏകാധിപത്യ ഭരണമാണ് നടത്തുന്നത്. എംപിമാര്‍ക്കു പോലും റയില്‍വേയെ കുറിച്ച് അറിയാനോ ചോദിക്കാനോ പറ്റാത്ത അവസ്ഥ ഇന്ത്യയില്‍ ആദ്യത്തേതാണ്. കേന്ദ്ര സര്‍ക്കാറിന്റെ ഫാഷിസ്റ്റ് ഭരണത്തിനെതിരെ സിപിഐയും സിപിഎമ്മും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും, കമ്യൂണിസ്റ്റ് പാര്‍ട്ടകള്‍ യോജിക്കാതെ മറ്റുള്ളവരെ ഒന്നിപ്പിക്കാനാവില്ലെന്നും പന്നന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
കെ ഗോപാലന്‍ അധ്യക്ഷനായിരുന്നു. ഇത്തവണത്തെ കെ എം കുട്ടികൃഷ്ണന്‍ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട മെഡിക്കല്‍ കോളജ് കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരിക വേദിയുടെ ജനറല്‍ സെക്രട്ടറി എം എ ജോണ്‍സണ് സി എന്‍ ചന്ദ്രന്‍ പുരസ്‌കാരം നല്‍കി. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, പി കെ നാസര്‍, ഐ വി ശശാങ്കന്‍ സംസാരിച്ചു.

RELATED STORIES

Share it
Top