മോദി ഭരണത്തില്‍ മുഴുവന്‍ ജനങ്ങളും അരക്ഷിതര്‍: പന്ന്യന്‍ രവീന്ദ്രന്‍

മുക്കം: മോദിയും കുത്തക മുതലാളിമാരും അടങ്ങുന്ന കൂട്ടുകെട്ടാണ് രാജ്യം ഭരിക്കുന്നതെന്നും സമസ്ത ജനവിഭാഗങ്ങളും അരക്ഷിതരും ആശങ്കാകുലരുമാണെന്നും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. തോട്ടമുക്കം പുതിയനിടം പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി ഓഫിസ് (ടി വി തോമസ് സ്മാരക മന്ദിരം ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു മോദി ഇവിടെ ഭരണം നടത്തുമ്പോള്‍ മറ്റൊരു മോദി ഇവിടന്നു മോഷ്ടിച്ചുകൊണ്ടു പോയ പണം കൊണ്ട് വിദേശത്ത് ബിസിനസ്സ് നടത്തുകയാണ്. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 11400 കോടി  കൈക്കലാക്കാന്‍ നീരവ് മോദിക്ക് ഒരു പറമ്പിന്റെ ആധാരവും കൊടുക്കേണ്ടി വന്നില്ല. രാഷ്ട്രത്തിന്റെ പണം മുഴുവന്‍ വിദേശിക ള്‍ക്ക് ചോര്‍ത്തി കൊടുക്കുകയാണ് പ്രധാനമന്ത്രിയും കൂട്ടരും ചെയ്തു കൊണ്ടിരിക്കുന്നത്. തൊഴിലാളികളുടെയും ജീവനക്കാരുടെയും തൊഴില്‍ സുരക്ഷിതത്വവും അപകടത്തിലായി. ശമ്പളവും പെന്‍ഷനും കിട്ടുമെന്ന ഉറപ്പാണ് ഇല്ലാതാക്കിയത്. കര്‍ഷകന്‍ കടക്കെണിയിലകപ്പെട്ട് ജീവിതം വഴിമുട്ടി ആത്മഹത്യയില്‍ അഭയം തേടുമ്പോള്‍ യാതൊരു ദയയും കാണിക്കാത്തവര്‍ കോര്‍പറേറ്റുകളുടെ രണ്ടേ കാല്‍ ലക്ഷം കോടിയാണ് കിട്ടാക്കടമാക്കി എഴുതിത്തള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
കമ്യൂണിസ്റ്റുകള്‍ കര്‍ഷകര്‍ക്കു വേണ്ടി വാദിക്കുകയും കൃ ഷി ഭൂമി കൃഷിക്കാരന് എന്ന മുദ്രവാക്യം ഉയര്‍ത്തുകയും ചെയ്തപ്പോള്‍ കോണ്‍ഗ്രസ് അടക്കം എല്ലാവരും പരിഹസിച്ചു.1957-ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റുകള്‍ ആദ്യമെടുത്ത തീരുമാനം കൂടിയൊഴിപ്പിക്കല്‍ പാടില്ലെന്നാണ്. കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി സി അച്ചുതമേനോന്‍ 1970 ജനുവരി ഒന്നു മുതല്‍ കേരളത്തില്‍ ജന്‍മിത്തം ഇല്ലെന്നു പ്രഖ്യപിക്കുകയും ചെയ്തു. ഇടതുപക്ഷ-ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ജനപക്ഷ നിലപാടുകളും നടപടികളുമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബ്രാഞ്ച് അസി. സെക്രട്ടറി ഗഫൂര്‍ പുളിയഞ്ചാലില്‍ അധ്യക്ഷത വഹിച്ചു. സിപിഐ തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ മോഹനന്‍ മാസ്റ്റര്‍, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം സഫീര്‍ കിഴിശ്ശേരി, വി എ സണ്ണി, സത്താര്‍ കൊളക്കാടന്‍, ടി ജെ റോയ്, കെ എം അബ്ദുര്‍റഹ് മാന്‍, കെ ഷാജികുമാര്‍, വി കെ അബൂബക്കര്‍, ബിജു പാലക്കുടി സംസാരിച്ചു.

RELATED STORIES

Share it
Top