മോദി ഭരണത്തില്‍ ജനാധിപത്യം അപകടത്തില്‍: ചന്ദ്രബാബു നായിഡു

ന്യൂഡല്‍ഹി: നരേന്ദ്ര മോദി ഭരണത്തില്‍ രാജ്യത്തെ ജനാധിപത്യം അപകടത്തിലും മതേതരത്വം ഭീഷണിയിലുമാണെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. പ്രതിപക്ഷ ഐക്യനീക്കങ്ങളുമായി നായിഡു ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷമായ വിമര്‍ശനമാണുയര്‍ത്തിയത്. പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന തിരക്കിലാണ് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക മിഷനറികളുമെന്ന് അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ കേന്ദ്രവും പ്രധാനമന്ത്രിയും ശ്രദ്ധചെലുത്തിയതിനാല്‍ രാജ്യത്ത് വികസനം നടക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാരില്‍ ഘടകകക്ഷിയായിരുന്ന ടിഡിപിയുടെ ദേശീയ അധ്യക്ഷന്‍ കൂടിയായ ചന്ദ്രബാബു നായിഡു പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ബിജെപി ഇതര സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ തകര്‍ക്കുകയാണെന്നും ഫെഡറല്‍ സംവിധാനത്തിനെതിരായി പ്രവര്‍ത്തിക്കുകയാണെന്നും ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ നായിഡു ആരോപിച്ചു.
പ്രളയം ദുരന്തംവിതച്ച കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായം തടയുകയും കേന്ദ്രം മതിയായ ധനസഹായം നല്‍കാതിരുന്നതും ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top