മോദി ഭരണം മാറില്ലെന്ന ധാരണ ജനങ്ങള്‍ക്കു മാറി: പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കേന്ദ്രത്തില്‍ മോദി ഭരണം കുറ്റിയടിച്ച് കെട്ടിയിരിക്കുന്നു എന്നായിരുന്നു തുടക്കത്തില്‍ പ്രചരിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ കാലാവസ്ഥ മാറിയെന്നും മുമ്പ് ഭരണമാറ്റം പ്രതീക്ഷിക്കാത്തവര്‍ പോലും ഇപ്പോള്‍ രാഷ്ട്രീയ യാഥാര്‍ഥ്യം അംഗീകരിച്ചു തുടങ്ങിയെന്നും ഐയുഎംഎല്‍ ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. ഭരണം എങ്ങനെയെങ്കിലും നിലനിര്‍ത്താന്‍ മോദി ചില്ലറ പൊടിക്കൈകള്‍ പ്രയോഗിക്കുന്നുണ്ടെങ്കിലും ഒന്നും ഏശുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
യുഡിഎഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ ഗുജറാത്തി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിന്‍ഫ്രയുടെ സ്ഥലം ബ്രൂവറിക്കായി കൊടുത്തില്ല എന്ന് വ്യവസായമന്ത്രി ഇ പി ജയരാജന്‍ പറയുന്നു. കൊടുത്തുവെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനും പറയുന്നു. പിന്നെ സ്ഥലം കൊടുത്തത് ആകാശത്താണോയെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു.
യുഡിഎഫില്‍ സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വേഗത്തില്‍ തീരുമാനമെടുക്കുമെന്ന് കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി ശങ്കരന്‍ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, എം കെ രാഘവന്‍ എംപി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍ എംഎല്‍എ, കേരളാ കോണ്‍ഗ്രസ്‌ജെ ചെയര്‍മാന്‍ ജോണി നെല്ലൂര്‍, മുന്‍എംഎല്‍ എമാരായ സി മോയിന്‍കുട്ടി, യു സി രാമന്‍, ഡി സിസി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, വി എ നാരായണന്‍, എന്‍ സുബ്രഹ്മണ്യന്‍, സെക്രട്ടറി അഡ്വ. കെ പ്രവീണ്‍കുമാര്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എംഎ റസാഖ് മാസ്റ്റര്‍, എം സി മായിന്‍ഹാജി, ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, മുന്‍ ഡി സി സി പ്രസിഡന്റുമാരായ അഡ്വ. എം വീരാന്‍കുട്ടി, കെ സി അബു സംബന്ധിച്ചു.

RELATED STORIES

Share it
Top