മോദി ക്ക് പ്രഖ്യാപനം നടത്താന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപന സമയം നീട്ടിയതായി വിവാദം

ന്യൂഡല്‍ഹി: മോദിയുടെ തിരഞ്ഞെടുപ്പ് പ്രസംഗത്തിനു വേണ്ടി അഞ്ചു സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിക്കാനുള്ള വാര്‍ത്താസമ്മേളനത്തിന്റെ സമയം മാറ്റിയതിനെച്ചൊല്ലി വിവാദം. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രഖ്യാപനങ്ങള്‍ നടത്താന്‍ സൗകര്യമൊരുക്കാന്‍ പ്രഖ്യാപനം മാറ്റിവച്ചതായാണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ ആരോപണമുയര്‍ന്നിരിക്കുന്നത്.
ഉച്ചയ്ക്ക് 12.30നാണ് വാര്‍ത്താസമ്മേളനമെന്നായിരുന്നു നേരത്തെ കമ്മീഷന്‍ ആസ്ഥാനത്തുനിന്നു മാധ്യമപ്രവര്‍ത്തകര്‍ക്കു ലഭിച്ച അറിയിപ്പ്. എന്നാല്‍, 10.30ഓടെ വാര്‍ത്താസമ്മേളനത്തിന്റെ സമയം മൂന്നുമണിയാക്കി നിശ്ചയിച്ചതായി കമ്മീഷന്‍ വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്കു സന്ദേശം അയച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഒരുമണിക്കാണ് രാജസ്ഥാനില്‍ റാലിയെ അഭിസംബോധനചെയ്യുന്നത്. 12.30ന് കമ്മീഷന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപനം വരുന്നതോടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വരും. ഈ സാഹചര്യത്തില്‍ അജ്മീറിലെ മോദിയുടെ പ്രസംഗത്തിന് വഴിയൊരുക്കാനാണ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തിന്റെ സമയം നീട്ടിയതെന്നാണു വിമര്‍ശനം.
കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് ഈ ആരോപണം ആദ്യം ഉന്നയിച്ചത്. പിന്നാലെ സാമൂഹികമാധ്യമങ്ങളും ഏറ്റെടുത്തതോടെ, വിവാദത്തില്‍ പ്രതികരണവുമായി കമ്മീഷന്‍ രംഗത്തുവന്നു. വാര്‍ത്താസമ്മേളനത്തിനു മുമ്പുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ താമസിച്ചതിനാലാണ് സമയം നീട്ടിവച്ചതെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ പി റാവത്തിന്റെ വിശദീകരണം.

RELATED STORIES

Share it
Top