മോദി ഇന്ന് കേരളത്തില്‍; പൂന്തുറ തീരം സന്ദര്‍ശിക്കും

തിരുവനന്തപുരം: ഇന്ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഓഖി ദുരിതബാധിത പ്രദേശമായ തിരുവനന്തപുരത്തെ പൂന്തുറ തീരം സന്ദര്‍ശിക്കും. രാജ്ഭവനിലെത്തുന്ന പ്രധാനമന്ത്രി അവിടെ മുഖ്യമന്ത്രി പിണറായി വിജയനെയും ഗസ്റ്റ് ഹൗസില്‍ മല്‍സ്യത്തൊഴിലാളി പ്രതിനിധികളെയും കാണുമെന്നായിരുന്നു ആദ്യ അറിയിപ്പ്. അതിനാണ് ഇപ്പോള്‍ മാറ്റമുണ്ടായത്.പൂന്തുറ സെന്റ് തോമസ് സ്‌കൂളില്‍ വച്ചാവും ദുരിതബാധിതരെ കാണുക. രാജ്ഭവനിലോ വിമാനത്താവളത്തിലോ വച്ച് മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളെ  കാണും. ഉച്ചയ്ക്ക് ഒന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം അവിടെ നിന്നു കന്യാകുമാരിയിലേക്കു പോവും. നാലരയോടെ തിരുവനന്തപുരത്തു തിരിച്ചെത്തും. സന്ദര്‍ശനങ്ങള്‍ക്കുശേഷം വൈകീട്ട് ആറോടെ ഡല്‍ഹിയിലേക്കു തിരിച്ചുപോവും. പ്രധാനമന്ത്രി കേരളത്തിലെത്തണമെന്നും ഓഖി ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും ലത്തീന്‍ സഭയടക്കം വിവിധ സംഘടനകള്‍ ആദ്യം മുതല്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിനൊടുവിലാണ് ദുരിതമേഖലകള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഓഖി ദുരിതബാധിതരെ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രിയും എത്തുന്നത്.

RELATED STORIES

Share it
Top