മോദി ആപ്പ് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ മൊബൈല്‍ ആപ്ലിക്കേഷനായ നരേന്ദ്ര മോദി ആപ്പ് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ അനുമതി കൂടാതെ വിദേശ കമ്പനിക്ക് അയച്ചുകൊടുക്കുന്നു. ഫ്രഞ്ച് സുരക്ഷാ ഗവേഷകന്‍ എലിയട്ട് അല്‍ഡേഴ്‌സനാണ് ഈ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. നരേന്ദ്ര മോദി ആപ്പില്‍ പ്രൊഫൈല്‍ നിര്‍മിക്കുന്ന ഉപയോക്താവിന്റെ ഉപകരണത്തെ കുറിച്ചുള്ള വിവരങ്ങളും വ്യക്തിഗത വിവരങ്ങളും അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ ടാപിന്റെ ശി.ം്വൃസ.േരീാ എന്ന ഡൊമൈനിലേക്ക് കൈമാറുന്നുണ്ടെന്നാണ് അല്‍ഡേഴ്‌സന്റെ വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച നിരവധി ട്വീറ്റുകള്‍ അല്‍ഡേഴ്‌സന്‍ പങ്കുവച്ചു.ഓപറേറ്റിങ് സോഫ്റ്റ്‌വെയര്‍, നെറ്റ്‌വര്‍ക്ക്, സേവനദാതാവ് തുടങ്ങിയ ഉപകരണ വിവരങ്ങളും ഇ-മെയില്‍, ചിത്രങ്ങള്‍, ഫോണ്‍ നമ്പറുകള്‍, ലിംഗം, പേര് തുടങ്ങിയ വ്യക്തിഗത വിവരങ്ങളുമാണ് ക്ലെവര്‍ ടാപിനു കൈമാറുന്നതെന്നാണ് വെളിപ്പെടുത്തല്‍. ഒരു ആപ്പ് എന്‍ഗേജ്‌മെന്റ് പ്ലാറ്റ്‌ഫോമാണ് ക്ലെവര്‍ ടാപ്. വിതരണക്കാര്‍ക്ക് ഉപയോക്താക്കളെ തിരിച്ചറിയുന്നതിനും അവരുമായി ഇടപഴകുന്നതിനും അവരെ നിലനിര്‍ത്തുന്നതിനും ഡെവലപ്പര്‍മാരെ സഹായിക്കുകയാണ് ക്ലെവര്‍ ടാപ് ചെയ്യുന്നത്. തന്റെ ട്വീറ്റ് കണ്ട നരേന്ദ്ര മോദി ആപ്പ് ഡെവലപ്പര്‍മാര്‍ താനുമായി ചര്‍ച്ച നടത്തിയെന്നും വിവരങ്ങള്‍ ശേഖരിച്ചുവെന്നും അല്‍ഡേഴ്‌സന്‍ തുടര്‍ന്ന് ട്വിറ്ററില്‍ അറിയിച്ചു. മൊബൈല്‍ ആപ്പുകള്‍ വികസിപ്പിക്കുന്നവര്‍ക്ക് ഉപയോക്താക്കളുടെ സ്വഭാവരീതികള്‍ വിശകലനം ചെയ്യുന്നതിനും മറ്റും ഡാറ്റാ ശേഖരണം ആവശ്യമാണ്. എന്നാല്‍, അത്തരം വിവരങ്ങള്‍  അനുമതി കൂടാതെ ശേഖരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് അല്‍ഡേഴ്‌സന്‍ പറയുന്നു. വിവരങ്ങള്‍ വിശകലനത്തിനും മറ്റും ഉപയോഗിക്കാമോ എന്നു തീരുമാനിക്കാനുള്ള സൗകര്യം ഉപയോക്താക്കള്‍ക്ക് നല്‍കണം. ഉപയോക്താക്കളുടെ അനുമതിയില്ലാതെയുള്ള വിവരശേഖരണം ഗൂഗിള്‍ പ്ലേസ്‌റ്റോറിന്റെ നിബന്ധനകള്‍ക്ക് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഗൂഗ്ള്‍ അനലിറ്റിക്‌സ് ചെയ്യുന്ന രീതിയില്‍ വിവരങ്ങള്‍ ശേഖരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും ക്ലെവര്‍ ടാപോ മറ്റേതെങ്കിലും ആപ്പുകളോ ഇത് ഉപയോഗിക്കുന്നില്ലെന്നും ആപ്പ്  കമ്പനി വ്യക്തമാക്കി. എന്നാല്‍, വിവരങ്ങള്‍ കൈമാറുന്നുണ്ടോ എന്നതല്ല, അനുമതി കൂടാതെ ശേഖരിക്കുന്നു എന്നതാണ് പ്രശ്‌നമെന്ന് അല്‍ഡേഴ്‌സന്‍ പ്രതികരിച്ചു. ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തില്‍ കാംബ്രിജ് അനാലിറ്റിക്ക പ്രതിക്കൂട്ടിലായതിനു പിന്നാലെയാണ് നരേന്ദ്ര മോദി ആപ്പിനെതിരേയുള്ള വെളിപ്പെടുത്തലുകള്‍. നേരത്തേ ആധാര്‍ കാര്‍ഡിലെയും ബിഎസ്എന്‍എല്‍ ശൃംഖലയിലെയും സുരക്ഷാ പ്രശ്‌നങ്ങള്‍ അല്‍ഡേഴ്‌സന്‍ വെളിപ്പെടുത്തിയിരുന്നു.

RELATED STORIES

Share it
Top