മോദിയെ ശിവലിംഗത്തിലിരിക്കുന്ന തേളിനോട് ഉപമിച്ച് തരൂര്‍

ബംഗളൂരു: നരേന്ദ്രമോദി ശിവലിംഗത്തിലിരിക്കുന്ന തേളിനെപ്പോലെയെന്ന പരാമര്‍ശവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പേരുവെളിപ്പെടുത്താത്ത ആര്‍എസ്എസ് നേതാവാണ് മോദിയെ ശിവലിംഗത്തിലിരിക്കുന്ന തേളിനോട് ഉപമിച്ചതെന്ന് തരൂര്‍ പറഞ്ഞു.“
നരേന്ദ്രമോദി ശിവലിംഗത്തിനു മുകളിലുള്ള തേളിനെപ്പോലെയാണ്. തേളായതുകൊണ്ട് കൈ ഉപയോഗിച്ച് എടുത്തുമാറ്റാന്‍ കഴിയില്ല. അതേസമയം, ശിവലിംഗത്തിനു മുകളിലായതിനാല്‍ ചപ്പലുകൊണ്ട് അടിക്കാനും കഴിയില്ല എന്നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ താരതമ്യമെന്ന് തരൂര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ വ്യക്തിത്വം ആര്‍എസ്എസുമായി ചേര്‍ന്നുപോവുന്നതല്ലെന്നു പറയുന്നതിനിടെയാണ് ആര്‍എസ്എസ് നേതാവിന്റെ വാചകങ്ങള്‍ തരൂര്‍ കടമെടുത്തത്. എന്തൊരു അസാധാരണ താരതമ്യമാണതെന്നും തരൂര്‍ വിശേഷിപ്പിച്ചു. കാരവാന്‍ ജേണലിസ്റ്റായ വിനോദ് ജോസിനോടാണ് ആര്‍എസ്എസ് നേതാവ് ഈ പരാമര്‍ശം നടത്തിയതെന്നും തരൂര്‍ പറഞ്ഞു.
ബംഗളൂരു സാഹിത്യോല്‍സവത്തില്‍ പാരഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദി ആന്റ് ഹിസ് ഇന്ത്യ എന്ന തന്റെ പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു തരൂര്‍. മോദിയെ തടഞ്ഞുനിര്‍ത്താന്‍ ആര്‍എസ്എസിനു കഴിയാത്തതിന്റെ നീരസമാണ് മാധ്യമപ്രവര്‍ത്തകനോട് ആര്‍എസ്എസ് നേതാവ് നടത്തിയതെന്നു തരൂര്‍ പറഞ്ഞു.
എന്നാല്‍, തരൂരിന്റെ പ്രസ്താവനയോട് ബിജെപി നേതൃത്വം കടുത്ത ഭാഷയില്‍ പ്രതികരിച്ചു. ശിവനെ അപമാനിക്കുന്ന പ്രസ്താവനയാണ് തരൂര്‍ നടത്തിയതെന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു. ശിവനെ അപമാനിക്കുന്ന പ്രസ്താവന തരൂര്‍ പിന്‍വലിക്കണം. ശിവഭക്തനെന്ന് അവകാശപ്പെടുന്ന രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്നും രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top