മോദിയെ പുകഴ്ത്തി കെ വി തോമസിന്റെ പ്രസംഗം; കോണ്‍ഗ്രസ് വിശദീകരണം തേടി

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവുമായ പ്രഫ. കെ വി തോമസ് എംപി നടത്തിയ പ്രസംഗം വിവാദമായി. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തില്‍ നിന്നു വിശദീകരണം തേടി. താന്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളും നടപടികളും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന മികച്ച അഡ്മിനിസ്‌ട്രേറ്ററാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കെ വി തോമസ് പ്രസംഗിച്ചുവെന്നായിരുന്നു ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.
ജനങ്ങളെ വിശ്വസിപ്പിക്കാന്‍ മോദിക്കു കഴിയുന്നുണ്ട്. സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന്റെ നേതാക്കളേക്കാള്‍ താന്‍ കൂടുതല്‍ സമാശ്വാസമുള്ളവനാകുന്നത് മോദിയുമായി ആശയവിനിമയം നടത്തുമ്പോഴാണ്. നോട്ട് നിരോധനം, ജിഎസ്ടി നടപ്പാക്കല്‍ തുടങ്ങിയവയിലൊക്കെ താനെടുത്ത നിലപാട് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനു സാധിച്ചു.  ഭരണനിര്‍വഹണത്തില്‍ മോദി വിദഗ്ധനാണ്. പിഎസി ചെയര്‍മാനായിരിക്കെ നോട്ട് നിരോധനക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം തേടി. ഡിസംബര്‍ 31നു മുമ്പ് എല്ലാം ശരിയാവുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. അതുപോലെ തന്നെ സംഭവിച്ചു. രാജ്യത്ത് യാതൊരു കലാപവുമുണ്ടായില്ലെന്നും കെ വി തോമസ് പ്രസംഗത്തില്‍ പറഞ്ഞു.
ഇതോടെയാണ് കെപിസിസി പ്രസിഡന്റ് അദ്ദേഹത്തോട് വിശദീകരണം തേടിയത്. ചെന്നിത്തലയുമായും  കെ വി തോമസ് വിഷയം സംസാരിച്ചു. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ യോഗത്തില്‍ താന്‍ ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗം ജനങ്ങളില്‍ തെറ്റിദ്ധാരണ ഉളവാക്കുന്ന രീതിയിലാണ് ചില മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതെന്ന് പിന്നീട് പ്രഫ. കെ വി തോമസ് എംപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനദ്രോഹപരമായ തീരുമാനങ്ങളെടുക്കുകയും എന്നാല്‍, അവ മാനേജ്‌മെന്റ് സ്‌കില്ലോടു കൂടി നടപ്പാക്കുകയും ചെയ്യുന്നുവെന്നാണ് താന്‍ പറഞ്ഞതെന്നും എംപി പറഞ്ഞു.

RELATED STORIES

Share it
Top