മോദിയെ കാണുമ്പോള്‍ മുട്ടുവിറയ്ക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളത്: ചെന്നിത്തല

തിരുവനന്തപുരം: മോദിയെ കാണുമ്പോള്‍ മുട്ടുവിറയ്ക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലക്കാട് കോച്ച് ഫാക്ടറി, റെയില്‍വേ വികസനം, റബര്‍ ഇറക്കുമതി, റേഷന്‍ വിതരണം എന്നിവയില്‍ കേന്ദ്ര അവഗണനയിലും സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടിലും പ്രതിഷേധിച്ച് യുഡിഎഫ് സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാലര വര്‍ഷമായി കേന്ദ്രസര്‍ക്കാരിനെതിരേ സിപിഎം ഒരു പ്രതിഷേധപരിപാടി പോലും സംഘടിപ്പിച്ചിട്ടില്ല. എല്‍ഡിഎഫും പ്രതിഷേധസമരത്തിന് തയ്യാറാവുന്നില്ല. കേന്ദ്രസര്‍ക്കാരിന് കേരളത്തിനോട് ചിറ്റമ്മനയമാണ്. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തങ്ങളുടെ സംസ്ഥാനത്തിനായി പല ആവശ്യങ്ങളും നേടിയെടുക്കുമ്പോള്‍ കേരള മുഖ്യമന്ത്രിക്ക് അത് കഴിയുന്നില്ല. പിണറായിക്ക് തിണ്ണമിടുക്ക് മാത്രമാണുള്ളത്. യുപിഎ സര്‍ക്കാര്‍ അനുവദിച്ച പദ്ധതികളല്ലാതെ മറ്റൊരു പദ്ധതിയും കേരളത്തിന് ലഭിച്ചിട്ടില്ല.
കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് വേണ്ടി മാത്രമാണ് മോദി വന്നത്. അതു യുഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിയായിരുന്നു. ദേശീയപാത വികസനം മന്ദീഭവിച്ചു. കേരളത്തിന്റെ കാര്യങ്ങള്‍ ചോദിച്ച് വാങ്ങാന്‍ നരേന്ദ്രമോദിയെ കാണുന്നതിന് സംസ്ഥാനം അനുമതി ചോദിച്ചാലും കൊടുക്കില്ല. കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ കേന്ദ്രം ഒളിച്ചുകളിയാണ് നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ കേന്ദ്രസര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന എം എം ഹസന്‍ പറഞ്ഞു.

RELATED STORIES

Share it
Top