മോദിയെ കടന്നാക്രമിച്ച് ജിഗ്‌നേഷ് മേവാനി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് ഗുജറാത്ത് എംഎല്‍എയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനി. മഹാരാഷ്ട്രയില്‍ ദലിതുകള്‍ക്കെതിരേ നടന്ന അക്രമങ്ങളില്‍ പ്രധാനമന്ത്രി തന്റെ നിലപാടു വ്യക്തമാക്കണമെന്നു മേവാനി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ തന്നെ ലക്ഷ്യമിട്ടതായി മേവാനി വെളിപ്പെടുത്തി. ഞാന്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ്. നമുക്കു വേണ്ടത്  ജാതിരഹിത ഇന്ത്യയാണ്. ദലിതര്‍ക്കു പ്രതിഷേധിക്കാനുള്ള അവകാശമില്ലേയെന്നും അദ്ദേഹം ചോദിച്ചു. ന്യൂഡല്‍ഹില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു മേവാനിയുടെ പ്രതികരണം. ദലിതര്‍ക്കും മറ്റു ന്യൂനപക്ഷ സമുദായങ്ങള്‍ക്കും നേരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ യുവ അഹങ്കാര്‍ എന്ന പേരില്‍ റാലി സംഘടിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഭരണഘടനയും മനുസ്മൃതിയും കൈകളിലേന്തി പ്രധാനമന്ത്രിയുടെ വസതിയിലേക്കു ജനുവരി ഒമ്പതിനു മാര്‍ച്ച് നടത്തും. ഇതില്‍ ഏതാണു പ്രധാനമന്ത്രി തിരഞ്ഞെടുക്കുന്നതെന്ന് അറിയണമെന്നും മേവാനി പറഞ്ഞു. അതിനിടെ, ഇന്നലെ ഡല്‍ഹിയിലെ പ്രസ് ക്ലബ്ബില്‍ ജിഗ്‌നേഷ് മേവാനിയുടെ വാര്‍ത്താ സമ്മേളനത്തിനിടെ ഡല്‍ഹി പോലിസ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇരച്ചുകയറിയതു പോലിസും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റത്തിനിടയാക്കി. പ്രസ് ക്ലബ്ബില്‍ നിന്നു ജിഗ്‌നേഷിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനകളുണ്ടായിരുന്നു. അതിനിടെയാണു ജിഗ്‌നേഷ് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നതു പോലിസ് റിക്കാഡ് ചെയ്യാന്‍ ശ്രമിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ ഇതു ചോദ്യംചെയ്യുകയും പോലിസിനോട് പ്രസ്‌ക്ലബ്ബിന് പുറത്തു കടക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തു.

RELATED STORIES

Share it
Top