മോദിയുടേത് പൊള്ളയായ വാഗ്ദാനങ്ങള്‍: രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് പൊള്ളയായ വാഗ്ദാനങ്ങളാണ്. വളര്‍ച്ചയുടെ കാര്യത്തില്‍ ചൈന ഇന്ത്യയെ പരാജയപ്പെടുത്തുകയാണെന്ന് പ്രിയപ്പെട്ട മോദി ഭക്തരേ എന്ന് അഭിസംബോധന ചെയ്ത് ആരംഭിക്കുന്ന ട്വീറ്റില്‍ പറയുന്നു. ചൈന നമ്മളോട് മല്‍സരിക്കുമ്പോള്‍ നിങ്ങളുടെ നേതാവ് പൊള്ളയായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയാണ്. സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി വകയിരുത്തിയ 9860 കോടി രൂപയു—ടെ ഏഴ് ശതമാനം മാത്രമാണ് സര്‍ക്കാര്‍ വിനിയോഗിച്ചതെന്നും രാഹുല്‍ പറയുന്നു.
ചൈനയിലെ മല്‍സ്യബന്ധന ഗ്രാമമായ ഷെന്‍ഷെന്‍ ഹാര്‍ഡ്വെയര്‍ രംഗത്തെ സിലിക്കണ്‍ വാലിയെന്നറിയപ്പെടുന്ന മെഗാസിറ്റിയായി മാറിയതിനെ കുറിച്ചുള്ള വിഡിയോയും ട്വീറ്റിനൊപ്പം രാഹുല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദയവായി വീഡിയോ കാണണമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മോദിയെ ഉപദേശിക്കണമെന്നും മോദിഭക്തരോട് രാഹുല്‍ ആവശ്യപ്പെടുന്നു. ബിജെപിയുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ എന്ന ഹാഷ് ടാഗോടുകൂടിയാണ് രാഹുലിന്റെ ട്വീറ്റ്.
സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി വകയിരുത്തിയ തുകയുടെ ഭൂരിഭാഗവും വിനിയോഗിക്കപ്പെടാതിരിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. 9860 കോടി അനുവദിച്ചതില്‍ 645 കോടി മാത്രമാണ് സ്്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ഇതുവരെ ഉപയോഗിച്ചതെന്ന് പാര്‍പ്പിട നഗര കാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top