മോദിയുടെ ഭീഷണി പ്രസംഗം, കോണ്‍ഗ്രസ് രാഷ്ട്രപതിക്ക് കത്തെഴുതി

ന്യൂഡല്‍ഹി: ഭീഷണിയുടെ ഭാഷയില്‍ സംസാരിക്കുന്ന നരേന്ദ്ര മോദിയെ താക്കീത് ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍പ്രധാനമന്ത്രി  മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിക്കു കത്തു നല്‍കി. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പരസ്യമായി ഭീഷണി മുഴക്കിയാണ് നരേന്ദ്ര മോദി സംസാരിക്കുന്നതെന്ന് കര്‍ണാടകയിലെ ഹൂബ്ലിയില്‍ മേയ് ആറിനു നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് രാഷ്ട്രപതിക്കു കത്തു നല്‍കിയത്. ഇത് പ്രധാനമന്ത്രി പദത്തിന് യോജിക്കാത്തതാണ്. മുന്‍ പ്രധാനമന്ത്രിമാര്‍ എല്ലാവരും തന്നെ തങ്ങളുടെ പദവിയുടെ അന്തസിന് അനുയോജ്യമായാണ് സംസാരിച്ചിരുന്നത്. പൊതു, സ്വകാര്യ ചടങ്ങുകളിലും അ്‌വര്‍ ഇത് അനുവര്‍ത്തിച്ചിരുന്നു.
എന്നാല്‍, മോദി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ഭീഷണി മുഴക്കിയാണ് പൊതു വേദിയില്‍ പ്രസംഗിക്കുന്നത്. ഇത് വിമര്‍ശിക്കപ്പെടേണ്ടതാണ്. ഭരണഘടനാപരമായി ഭരണം നടക്കുന്ന 130 കോടി ജനങ്ങളുള്ള ഒരു ജനാധിപത്യ രാജ്യത്തെ പ്രധാനമന്ത്രിയുടെ ഭാഷ ഇങ്ങനെയല്ല വേണ്ടത്. പൊതു, സ്വകാര്യ ചടങ്ങുകളില്‍ ഇങ്ങനെ സംസാരിക്കുന്നത് അംഗീകരിക്കാനാകാത്ത പെരുമാറ്റമാണ്. മോദിയുടെ പ്രസംഗത്തിലെ വാക്കുകളും പരാമര്‍ശങ്ങളും കരുതിക്കൂട്ടിയുള്ളതും പ്രകോപനമുണ്ടാക്കി സമാധാനത്തെ തകര്‍ക്കുന്നതുമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രധാനമന്ത്രിയുടെ പദവിയും അധികാരവും ഉപയോഗിച്ചു വ്യക്തിപരമായും രാഷ്ട്രീയപരമായും നേട്ടമുണ്ടാക്കുന്നതിനായി ഭീഷണിയുടെ ഭാഷയിലാണ് മോദി സംസാരിക്കുന്നത്. ഇത്തരം ഭീഷണികള്‍ അവസാനിപ്പിക്കാന്‍ രാഷ്ട്രപതി പ്രധാനമന്ത്രിയെ താക്കീത് ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. മേയ് ആറിന് കര്‍ണാടകയിലെ ഹൂബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസിലെ അമ്മയും മകനും അതിരു വിടുന്നുവെന്നും അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നുമാണ് മോദി പറഞ്ഞത്. ഈ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും കത്തിനൊപ്പം കൈമാറിയിട്ടുണ്ട്.
ഭരണഘടനാപരമായി രാഷ്ട്രത്തലവനായ രാഷ്ട്രപതിക്ക് പ്രധാനമന്ത്രിമാരെയും മന്ത്രിസഭയേയും ഉപദേശിക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും അവകാശമുണ്ട്. കോണ്‍ഗ്രസിനെതിരേ മാത്രമല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരേയും പ്രധാനമന്ത്രി ഭീഷണി മുഴക്കില്ലെന്ന് ഉറപ്പു വരുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
മന്‍മോഹന്‍ സിംഗിനു പുറമേ എ.കെ ആന്റണി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ലോക്‌സഭ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പി. ചിദംബരം, കമല്‍നാഥ്, മോത്തിലാല്‍ വോറ, അഹമ്മദ് പട്ടേല്‍, അംബിക സോണി, ഡോ. കരണ്‍ സിംഗ്, അശോക് ഗെലോട്ട്, ആനന്ദ് ശര്‍മ, ദ്വിഗ് വിജയ് സിംഗ്, മുകുള്‍ വാസ്‌നിക് എന്നിവരാണ് രാഷ്ട്രപതിക്കു നല്‍കിയ കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

RELATED STORIES

Share it
Top