മോദിയുടെ ഫലസ്തീന്‍പ്രസംഗം

വാചകക്കസര്‍ത്ത്ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി എട്ടിന് ശനിയാഴ്ച ഫലസ്തീനില്‍ മൂന്നു മണിക്കൂര്‍ നീണ്ട സന്ദര്‍ശനം പൂര്‍ത്തിയാക്കി. ചരിത്രപ്രധാനമെന്നാണ് സന്ദര്‍ശനത്തെക്കുറിച്ചു മോദിയും ഫലസ്തീന്‍ നേതാക്കളും വിശേഷിപ്പിച്ചത്. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഇന്ത്യാസന്ദര്‍ശനം കഴിഞ്ഞ് ഏതാനും ദിവസം മാത്രം പിന്നിടുമ്പോഴാണ് മോദിയുടെ യാത്ര. മധ്യപൗരസ്ത്യത്തിലെ സംഘര്‍ഷങ്ങള്‍ക്കു കാരണക്കാരനായ നെതന്യാഹുവിന് ചുവപ്പുപരവതാനി വിരിച്ചശേഷമുള്ള ഈ സന്ദര്‍ശനം, ഇന്ത്യ ഇക്കാലമത്രയും അന്താരാഷ്ട്രബന്ധങ്ങളില്‍ പുലര്‍ത്തിപ്പോന്ന മാന്യതയും ധാര്‍മികതയും പൂര്‍ണമായും ഇല്ലാതായിട്ടില്ലെന്ന് ആഗോളസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള യത്‌നം കൂടിയാണ്.നരേന്ദ്രമോദി റാമല്ലയില്‍ എത്തുന്നതിനു മുമ്പ് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അദ്ദേഹത്തെ സ്വാഗതം ചെയ്തു പ്രസ്താവന നടത്തിയിരുന്നു. ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്‌നപരിഹാരത്തിന് നല്ല പങ്കുവഹിക്കാന്‍ നരേന്ദ്രമോദിക്ക് കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നായിരുന്നു ആ പ്രഖ്യാപനം. ഫലസ്തീനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. റാമല്ലയിലെ പ്രസിഡന്റിന്റെ ആസ്ഥാനത്ത് ഹൃദ്യമായ സ്വീകരണമാണ് മോദിക്കു ലഭിച്ചത്. ദശാബ്ദങ്ങളായി ഇന്ത്യയും ഫലസ്തീന്‍ ജനതയും തമ്മിലുള്ള ഹൃദയൈക്യത്തിന്റെ നിദര്‍ശനമായിരുന്നു പ്രധാനമന്ത്രിക്കു ലഭിച്ച സ്വീകരണം. ഇസ്രായേലുമായുള്ള പ്രശ്‌നം പരിഹരിക്കുന്നതില്‍ മികച്ച പങ്കു വഹിക്കാന്‍ നരേന്ദ്രമോദിക്ക് കഴിയുമെന്ന് ഊന്നിപ്പറഞ്ഞ മഹ്മൂദ് അബ്ബാസിന് മറുപടിയായി, സമാധാനത്തിന്റെ സാഹചര്യത്തില്‍ ജീവിക്കുന്ന സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രമാണ് തന്റെ പ്രതീക്ഷയെന്ന് നരേന്ദ്രമോദി പ്രതികരിച്ചു. അതേയവസരം, ജറുസലേം നഗരത്തെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു വാക്കുപോലും ഉച്ചരിക്കുകയുണ്ടായില്ല. ഇരുനേതാക്കളുടെയും പശ്ചാത്തലമറിയുന്നവര്‍ക്ക് ഈ വാക്കുകളില്‍ സത്യസന്ധതയുടെ അര്‍ഥതലങ്ങള്‍ കണ്ടെത്താനാവില്ല. സയണിസത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊള്ളുകയും യഹൂദരാഷ്ട്രത്തെ  സഹോദരതുല്യമായി കാണുകയും ചെയ്യുന്നതാണ് മോദിയുടെ രാഷ്ട്രീയവീക്ഷണം. ഫലസ്തീന്‍ സമൂഹത്തില്‍ മഹ്മൂദ് അബ്ബാസിനെ പ്രതിഷ്ഠിച്ചതും അദ്ദേഹത്തിന്റെയും അനുചരന്‍മാരുടെയും വട്ടച്ചെലവിന് കാശുകൊടുക്കുന്നതും ഇസ്രായേലാണെന്നത് രഹസ്യമല്ല. അമേരിക്കയുടെ താങ്ങും തുണയും സ്വീകരിച്ച് അവരുടെ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ചലിക്കുന്ന ചതുരംഗപ്പലകയിലെ കരു മാത്രമാണ് അബ്ബാസ്. നരേന്ദ്രമോദിയില്‍ മഹ്മൂദ് അബ്ബാസ് പ്രതീക്ഷയര്‍പ്പിക്കുന്നതും ഫലസ്തീന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച മോദിയുടെ പ്രതീക്ഷയും അതിനാല്‍ തന്നെ മാധ്യമശ്രദ്ധ നേടുന്നതിനും തങ്ങളുടെ യഥാര്‍ഥ രാഷ്ട്രീയം മറച്ചുവയ്ക്കുന്നതിനുമുള്ള കേവലം വാചകക്കസര്‍ത്ത് മാത്രമാണ്.സംവാദത്തിലൂടെ മാത്രമേ സ്ഥായിയായ പരിഹാരം സാധ്യമാവൂ എന്നാണ് ഫലസ്തീനികളോട് മോദിയുടെ ഉപദേശം.  സംവാദത്തിനു തടസ്സം നില്‍ക്കുന്നത് തന്റെ സുഹൃത്തായ നെതന്യാഹുവിന്റെ വലതുപക്ഷ വംശവെറി ഗവണ്‍മെന്റാണെന്ന് അറിയാതെയല്ല മോദിയുടെ ഈ പരാമര്‍ശം.

RELATED STORIES

Share it
Top