മോദിയുടെ കിതപ്പിന്റെ തുടക്കം

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തിന്റെ ബാക്കിപത്രത്തില്‍ തെളിയുന്നത് കിതച്ചുനില്‍ക്കുന്ന നരേന്ദ്ര മോദിയാണ്. 2019ലെ പൊതുതിരഞ്ഞെടുപ്പിനെ നേരിടണമെങ്കില്‍ പുതിയ രാഷ്ട്രീയ അടവുകള്‍ തുടങ്ങേണ്ടിവരുമെന്ന് ഉല്‍ക്കണ്ഠപ്പെടുന്ന മോദി.
ഗുജറാത്തില്‍ മോദിയാണ് ജയിച്ചതെന്നതില്‍ വിശകലന വിദഗ്ധരും നിരീക്ഷകരുമൊക്കെ യോജിക്കുന്നുണ്ട്. അതിനപ്പുറമൊരു സവിശേഷത തിരഞ്ഞെടുപ്പിനുണ്ട്. ഇന്ത്യയിലെ ഒരു നിയമസഭാ തിരഞ്ഞെടുപ്പിലും മുമ്പ് സംഭവിക്കാത്ത പ്രത്യേകത. സംസ്ഥാന ഗവണ്മെന്റും കേന്ദ്ര ഗവണ്മെന്റും പ്രധാനമന്ത്രിയും പരസ്പരം ജാമ്യത്തില്‍ ഒന്നിച്ച് അവിടെ ജനവിധി തേടി. നരേന്ദ്ര മോദിയെ  സ്വന്തം നാട്ടുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യത്തില്‍ വിജയിപ്പിക്കേണ്ടിവന്നു. അതാണ് യഥാര്‍ഥ വസ്തുത.
നരേന്ദ്ര മോദി പരീക്ഷിച്ച ഗുജറാത്ത് വികസന മാതൃകയുടെ പേരിലാണ് 2014ല്‍ കേന്ദ്രത്തില്‍ അധികാരമേറിയത്. ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന 26 ലോക്‌സഭാ മണ്ഡലങ്ങളും ജനങ്ങള്‍ മോദിക്ക് സമര്‍പ്പിച്ചു. നോട്ട് റദ്ദാക്കലും ജിഎസ്ടിയുമടക്കം തന്റെ ഭരണനടപടികള്‍ക്കെല്ലാം ജനങ്ങളുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടുപോന്ന മോദിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇപ്രാവശ്യത്തെ വോട്ട് 10 ശതമാനം കുറഞ്ഞു. 59.1 ശതമാനത്തില്‍ നിന്ന് 49.1 ശതമാനം. കോണ്‍ഗ്രസ്സിന്റേത് ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് താരതമ്യപ്പെടുത്തുമ്പോള്‍ 11 ശതമാനം കൂടി. അതായത് 32.9 ശതമാനത്തില്‍ നിന്ന് 43.9 ശതമാനം.
കഴിഞ്ഞ തവണത്തെ 115 സീറ്റില്‍ നിന്ന് 150 സീറ്റ് ഉറപ്പിച്ച ബിജെപിക്ക് ഭൂരിപക്ഷത്തിനു വേണ്ട 92 സീറ്റിന് ആദ്യം ബുദ്ധിമുട്ടേണ്ടിവന്നു. ഒടുവില്‍ 99 സീറ്റില്‍ കുതിപ്പ് അവസാനിച്ചു. സൗരാഷ്ട്രയിലെ രൂക്ഷമായ കാര്‍ഷിക പ്രതിസന്ധി, രൂക്ഷമായ തൊഴിലില്ലായ്മ, നോട്ട് റദ്ദാക്കലും ജിഎസ്ടിയും പൊതുവിലും, സ്ത്രീകളിലും യുവാക്കളിലും വിശേഷിച്ചും സൃഷ്ടിച്ച രോഷം. ഇതൊക്കെ ബിജെപി സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കേണ്ടതായിരുന്നു. മൊത്തം പോളിങ് ശതമാനത്തില്‍ ഉണ്ടായ ഇടിവ്, പ്രത്യേകിച്ചും സ്ത്രീ വോട്ടര്‍മാരുടെ പ്രാതിനിധ്യം എട്ടു ശതമാനം കുറഞ്ഞത് എന്നിവ ശ്രദ്ധേയമായ സൂചികകളാണ്.
ഗുജറാത്തില്‍ ഭരണം നിലനിര്‍ത്തി; ഹിമാചല്‍പ്രദേശ് പിടിച്ചെടുത്തു എന്നാണ് മാധ്യമങ്ങള്‍ പലതും ചേര്‍ത്തു പറഞ്ഞത്. ഓഖി ചുഴലിക്കൊടുങ്കാറ്റുപോലെ മോദിയുടെ രാഷ്ട്രീയ മുന്നേറ്റം തുടരുകയാണെന്ന ധാരണ അത് സൃഷ്ടിക്കുന്നു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ മുഖ്യമന്ത്രിയെ വീണ്ടും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചതോടെ ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്ന് തുടക്കം മുതലേ വ്യക്തമായിരുന്നു.
എന്നാല്‍, ബിജെപിയും കോണ്‍ഗ്രസ്സും അല്ലാതെ ജനങ്ങളുടെ പ്രശ്‌നങ്ങളുമായി ചേര്‍ന്നുനിന്നു പൊരുതുന്ന നേതാക്കളെയോ പാര്‍ട്ടികളെയോ ജനങ്ങള്‍ തിരഞ്ഞെടുക്കുമെന്നതിന്റെ തെളിവ് ഹിമാചല്‍പ്രദേശില്‍ കണ്ടു. സിംലയില്‍ കോണ്‍ഗ്രസ്സിന്റെ സിറ്റിങ് സീറ്റായ തിയോഗില്‍ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന കര്‍ഷക സംഘം സെക്രട്ടറിയുമായ രാകേഷ് സിംഘ നേടിയ വിജയം അതാണ്. ബിജെപി സ്ഥാനാര്‍ഥിയെ രണ്ടായിരത്തോളം വോട്ടുകള്‍ക്ക് തോല്‍പിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മൂന്നാം സ്ഥാനത്തേക്കു തള്ളിയാണ് ഈ കര്‍ഷക നേതാവ് വിജയിയായത്. ഹിമാചല്‍പ്രദേശിന്റെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനമായ ആപ്പിള്‍ കൃഷിയുടെ വിലയിടിവിനെതിരേ കൃഷിക്കാരെ അണിനിരത്തി സിംഘയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ അംഗീകാരം കൂടിയാണത്.
വൈഡൂര്യ കച്ചവടക്കാരും വന്‍കിട വ്യാപാരി-വ്യവസായികളും കോര്‍പറേറ്റുകളും കൈയാളുന്നതും കാര്യം നേടുന്നതുമായ വികസനമാണ് ഗുജറാത്തിന്റേത്. അവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയ ജിഎസ്ടി സംബന്ധിച്ച പ്രശ്‌നങ്ങളില്‍ അടിയന്തര ഇടപെടലുകളും ഭേദഗതികളും വരുത്തിയാണ് ആ വിഭാഗത്തെ മോദി ഗവണ്മെന്റ് കൂടെ നിര്‍ത്തിയത്.
എന്നാല്‍, ടെക്‌സ്‌റ്റൈല്‍ മേഖലയെ ആശ്രയിച്ചു കഴിയുന്ന ഇടത്തരക്കാരും സാധാരണക്കാരുമായ ജനവിഭാഗങ്ങള്‍ക്കോ കാര്‍ഷിക മേഖലയുടെ തകര്‍ച്ചയില്‍ പെട്ടുഴലുന്ന സൗരാഷ്ട്രയിലെ കൃഷിക്കാര്‍ക്കോ കര്‍ഷകത്തൊഴിലാളികള്‍ക്കോ സര്‍ക്കാരിന്റെ പരിഗണന ലഭിച്ചില്ല. ഇടത്തരക്കാരും ദലിതരും പാവപ്പെട്ടവരുമായ അത്തരം ജനവിഭാഗങ്ങള്‍ ബിജെപി ഗവണ്മെന്റിന്റെ വികസനപരിധിക്കു പുറത്താണ്. അതിനെതിരേ സമൂഹത്തില്‍ പൊതുവേ ഉയര്‍ന്നുനില്‍ക്കുന്ന രോഷത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് പൂര്‍ണമായി വിജയിച്ചില്ല.
ഒരളവോളം ഭരണനയങ്ങളോടുള്ള ജനങ്ങളുടെ അതൃപ്തി ഏകീകരിച്ച് രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞു. എന്നാല്‍, ജാതിയെ ജാതി കൊണ്ടും അധികാരം കൊണ്ടും നേരിടാന്‍ ബിജെപിക്കായി. സമൂഹത്തിലെ നിര്‍ണായക ശക്തിയായ സ്ത്രീകളെയും യുവാക്കളെയും സ്വാധീനിച്ചും രാഷ്ട്രീയമായി അണിനിരത്തിയും കൈവരിച്ച മുന്‍കാല നേട്ടങ്ങള്‍ ആവര്‍ത്തിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ല. എങ്കിലും ഗ്രാമീണമേഖലയിലെ അസംതൃപ്തി ബിജെപിക്കെതിരേ തിരഞ്ഞെടുപ്പില്‍ ആഞ്ഞുവീശി. നഗരമേഖലയിലെ സ്വാധീനം കൊണ്ട് അതിനെ ചെറുക്കുകയാണ് ബിജെപി ചെയ്തത്.
ഗുജറാത്തിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയും പൂജാരിമാരുടെ ആശീര്‍വാദം തേടിയും നെറ്റിയില്‍ കുങ്കുമം അണിഞ്ഞും ടിവി കാമറകളിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിയാണ് മോദിയുടെ ഹിന്ദുത്വത്തെ രാഹുല്‍ നേരിട്ടത്. കോണ്‍ഗ്രസ്സിന് ഗുജറാത്തില്‍ സംഘടനാ സംവിധാനം ദുര്‍ബലമായിരുന്നു. ഇതിന്റെയൊക്കെ പരിമിതികളും പഴുതുകളുമാണ് പ്രാദേശിക വികാരത്തോടൊപ്പം മോദിയെ രക്ഷിച്ചത്.
കൃഷിയിടങ്ങളില്‍ വെന്തുകരിഞ്ഞ കൃഷിക്കാരുടെയും തൊഴിലാളികളുടെയും അടുപ്പില്‍ തീയെരിയാത്ത വീട്ടമ്മമാരുടെയും രോഷത്തിന്റെ ചൂടും തീയും ബിജെപിക്കെതിരായ ജനമുന്നേറ്റമാക്കാന്‍ കഴിയാതെപോയി. ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് ആക്രമണത്തിനിരയായി സര്‍വസ്വവും നഷ്ടപ്പെട്ട മുസ്‌ലിംകളെ സഹായിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അന്നു മനുഷ്യസ്‌നേഹികള്‍ അവിടേക്ക് ഓടിച്ചെന്നു. ആ പ്രസ്ഥാനങ്ങളും സംഘടനകളും വ്യക്തികളും ഇത്തരമൊരു നിര്‍ണായക ഘട്ടത്തില്‍ കാഴ്ചക്കാരായി ദൂരെ നില്‍ക്കുകയാണ് ചെയ്തത്.
സ്വന്തമായ രാഷ്ട്രീയ അടിത്തറ സംസ്ഥാനത്തില്ലെങ്കിലും ബൗദ്ധികശേഷിയും പ്രവര്‍ത്തന പാരമ്പര്യവുമുള്ള ഇടതുപക്ഷവും ചുമതല നിര്‍വഹിച്ചില്ല. കോണ്‍ഗ്രസ് പ്രചാരണത്തിന്റെ ഭാഗമാകാതെ സ്വന്തമായ പ്രചാരണവും മുന്നറിയിപ്പുമായി അവര്‍ ഇടപെടേണ്ടതായിരുന്നു. പ്രത്യേകിച്ചും മലയാളികള്‍ ഏറെയുള്ള അഹ്മദാബാദ് പോലുള്ള നഗരങ്ങളില്‍ അതിനേറെ പ്രസക്തിയുണ്ടായിരുന്നു. ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും ഒരു ദിവസം ഗുജറാത്തിനു വേണ്ടി നീക്കിവച്ചില്ല. വര്‍ഗീയ അതിക്രമങ്ങള്‍ക്കും കൊലകള്‍ക്കും ധ്രുവീകരണങ്ങള്‍ക്കുമെതിരേ വിശാലമായ ഐക്യം എന്ന മുദ്രാവാക്യം പാഴ്‌വാക്കാണെന്ന് ഇടതുപക്ഷം അടക്കമുള്ള പ്രതിപക്ഷങ്ങള്‍ ബോധ്യപ്പെടുത്തി. തിരഞ്ഞെടുപ്പിനെ ഒരു രാഷ്ട്രീയ സമരമാക്കുന്നതില്‍ പ്രതിപക്ഷമാകെ പരാജയപ്പെട്ടു.
മൊത്തം ചിത്രം അതാണെങ്കിലും മോദിയുടെയും ബിജെപിയുടെയും പൊള്ളത്തരം തുറന്നുകാട്ടുന്നതില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സും ഒരു പരിധിവരെ വിജയിച്ചു. രാഷ്ട്രീയമായി നേരിടാനാകാതെ അധാര്‍മികവും വ്യാജവുമായ വഴികളിലൂടെ നേടിയ വിജയം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ആവര്‍ത്തിക്കുക സാധ്യമല്ലെന്നതാണ് ജനവിധിയുടെ സന്ദേശം.
കൃഷിക്കാര്‍ അടക്കമുള്ളവരുടെ എതിര്‍പ്പും രോഷവും പരിഹരിക്കാനുള്ള തിരുത്തലുകള്‍ വരുത്തുമെന്ന ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രസ്താവന ബിജെപിയുടെ ഞെട്ടല്‍ വെളിപ്പെടുത്തുന്നു. തിരഞ്ഞെടുപ്പു ഫലം ഗുജറാത്തിലെ ജനങ്ങള്‍ക്കു സമര്‍പ്പിക്കുന്നുവന്ന് മോദിക്ക് പറയേണ്ടിവന്നതും ഇതിന്റെ തുടര്‍ച്ചയാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനമേറ്റ രാഹുല്‍ ഗാന്ധി ഒരു ബദല്‍ പരിപാടി മുന്നോട്ടുവച്ച് ജനങ്ങളെ അണിനിരത്തുകയാണ് വേണ്ടത്. പക്ഷേ, അത് അഴിമതിവിരുദ്ധവും ജനപക്ഷത്തു നിന്നുള്ളതുമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.                            ി

RELATED STORIES

Share it
Top