മോദിയും പിണറായിയും ഉത്തരവാദിത്ത്വം മറന്ന് പ്രവര്‍ത്തിക്കുന്നു: ഉമ്മന്‍ചാണ്ടി

പാലക്കാട്: തൊഴില്‍ സ്ഥിരത എന്ന സംസ്‌കാരം പൂര്‍ണമായും പിച്ചിചീന്തുന്ന നടപടിയാണ് നരേന്ദ്രമോദി സര്‍ക്കാരിന്റേതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ലോക്‌സഭ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ചെറുപ്പക്കാരോട് പറഞ്ഞ വാഗ്ദാനങ്ങളൊന്നും മോദി നടപ്പാക്കിയില്ല. ജനാധിപത്യത്തെയും ജനാധിപത്യമൂല്യങ്ങളെയും സര്‍ക്കാര്‍ അവഗണിക്കുകയാണ്. സഹിഷ്ണുത തീരെ ഇല്ലാത്ത സര്‍ക്കാരായി പിണറായി ഗവണ്‍മെന്റ് മാറി. തങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ ഉന്മൂലനം ചെയ്യാനാണ് സിപിഎം ശ്രമിക്കുന്നത്. ഉത്തരവാദിത്വം മറന്നു പ്രവര്‍ത്തിക്കുന്നവരാണ് മോദിയും പിണറായിയെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ പ്രസക്തി ഇപ്പോഴാണ് എല്ലാവര്‍ക്കും മനസ്സിലാവുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.  ഷുഹൈബിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനെ എതിര്‍ക്കാനാണ് സിപിഎം ശ്രമിച്ചത്.  ഇതിന് വേണ്ടി ഡല്‍ഹിയില്‍ നിന്നും സര്‍ക്കാര്‍ ചെലവില്‍ ഒരു കോടി ചെലവഴിച്ച് അഡ്വക്കേറ്റിനെ നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായി.  മോദി അധികാരത്തിലേറിയപ്പോള്‍ കോണ്‍ഗ്രസ് മുക്ത ഭാരതമെന്നാണ് പറഞ്ഞത്. ജിഎസ്ടിയും നോട്ട് നിരോധനവും ഇന്ത്യയുടെ സമ്പദ്ഘടനയെ തന്നെ തകര്‍ത്തു.
യൂത്ത് കോണ്‍ഗ്രസ് പാലക്കാട് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് ടി എച്ച് ഫിറോസ് ബാബു അധ്യക്ഷനായിരുന്നു. ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, ദേശീയ ജനറല്‍ സെക്രട്ടറി ഷാഫി പറമ്പില്‍ എംഎല്‍എ, കെപിസിസി സെക്രട്ടറി സി ചന്ദ്രന്‍, സി പി മുഹമ്മദ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എ രാമസ്വാമി, നേതാക്കളായ കെ എസ് ബി എ തങ്ങള്‍, ബോബന്‍ മാട്ടുമന്ത, വിനോദ് പട്ടിക്കര സംബന്ധിച്ചു. സമ്മേളനത്തിന് മുന്‍പ് നഗരം കേന്ദ്രീകരിച്ച് പ്രകടനവും നടന്നു. സമ്മേളനം ഇന്നു സമാപിക്കും.

RELATED STORIES

Share it
Top