മോദിക്കു വേണ്ടി ഡോവല്‍ ഇടപെട്ടു

ന്യൂഡല്‍ഹി: പ്രമാദമായ റഫേല്‍ യുദ്ധവിമാന കരാറില്‍ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ നിന്നു പിന്‍മാറാന്‍ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) ഡയറക്ടര്‍ അലോക് വര്‍മയോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നതായി റിപോര്‍ട്ട്.
സസ്‌പെന്‍ഷനിലുള്ള സിബിഐ മേധാവിയുമായി അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
റഫേല്‍ കരാറില്‍ അലോക് വര്‍മ പ്രാഥമിക അന്വേഷണം നടത്തുകയും 36 യുദ്ധവിമാനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ നടത്തിയ നിര്‍ണായക ഫയലുകള്‍ ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ സെക്രട്ടറി സഞ്ജയ് മിത്രയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നതായി വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നു വ്യക്തമായിട്ടുണ്ട്. പ്രതിരോധ സെക്രട്ടറിക്ക് വര്‍മ കത്തയച്ചെന്ന വാര്‍ത്തകള്‍ പ്രധാനമന്ത്രിയുടെ ഓഫിസിനെ ചകിതരാക്കുകയും കത്ത് പിന്‍വലിക്കുന്നതിന് പ്രധാനമന്ത്രിയുടെ ഓഫിസ് അജിത്ത് ഡോവലിലൂടെ സമ്മര്‍ദം ചെലുത്തുകയുമായിരുന്നു. ഡോവലിന്റെ ആവശ്യം നിരാകരിച്ചതിനു പിന്നാലെ മണിക്കൂറുകള്‍ക്കകം അലോക് വര്‍മയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നുവെന്ന് സിബിഐയുമായി ബന്ധപ്പെട്ട നിരവധി വൃത്തങ്ങള്‍ നാഷനല്‍ ഹെറാള്‍ഡ് പത്രത്തോട് വെളിപ്പെടുത്തിയിരുന്നു. വര്‍മയ്‌ക്കെതിരേ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന നടത്തിയ ആരോപണങ്ങള്‍ അദ്ദേഹത്തെ പുറത്താക്കാനുള്ള ഒരു ഉപായം മാത്രമായിരുന്നു. മോദി സര്‍ക്കാരിനെതിരായ അന്വേഷണം തടയുകയായിരുന്നു അതിന്റെ ലക്ഷ്യം.
തന്നെ മോദി സര്‍ക്കാര്‍ അര്‍ധരാത്രിയില്‍ വളരെ നാടകീയമായി സിബിഐ ഡയറക്ടര്‍ പദവിയില്‍ നിന്നു നീക്കം ചെയ്തതിനെതിരേ വര്‍മ സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്.

RELATED STORIES

Share it
Top