മോദിക്കു കിട്ടിയത് തിരിച്ചടി തന്നെ

എന്‍ പി ചെക്കുട്ടി
കുറേക്കാലമായി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഭാസ്‌കരപട്ടേലരായി ഇളകിയാട്ടം നടത്തുകയായിരുന്നു നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ തൊമ്മി അമിത് ഷായും വിടുവായത്തത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നാക്കമായിരുന്നില്ല. എന്നാല്‍, പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണ്ടേപോലെയില്ലെന്നു കുഞ്ചന്‍നമ്പ്യാര്‍ പണ്ടു പറഞ്ഞതാണ് ഗുജറാത്തിലെ അസംബ്ലി തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കിത്തരുന്നത്. ഗുജറാത്തിലെ 182 സീറ്റില്‍ 150ഉം തങ്ങള്‍ പിടിച്ചെടുക്കുമെന്നാണ് അമിത് ഷാ തിരഞ്ഞെടുപ്പു പ്രഖ്യാപനം നടന്ന ഉടനെ തന്നെ വീമ്പടിച്ചത്. കോണ്‍ഗ്രസ്സിനെ ഗുജറാത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പഴയകാല ആര്‍എസ്എസുകാരന്‍ ശങ്കര്‍സിങ് വഗേലയെപോലുള്ള അവസരവാദികളെ കോണ്‍ഗ്രസ്സില്‍ നിന്നു കാലുമാറ്റിക്കൊണ്ടുവന്ന് തങ്ങളുടെ അടിത്തറ ഉറപ്പിക്കാമെന്നും അമിത് ഷാ കണക്കുകൂട്ടി. പക്ഷേ, ഗുജറാത്ത് നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും നല്‍കിയിരിക്കുന്നത് ഇരുട്ടടിയാണ്. ഗുജറാത്തില്‍ ബിജെപി വീണ്ടും അധികാരം പിടിച്ചെടുത്തെങ്കിലും ആ പാര്‍ട്ടിക്ക് ഇത്തവണ ജനങ്ങള്‍ നല്‍കിയത് താക്കീതാണ്. നേരത്തേയുണ്ടായിരുന്ന സീറ്റുകളില്‍ 16 എണ്ണമാണ് അവര്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നത്. മറുഭാഗത്ത് പലതരത്തിലുള്ള പ്രതിസന്ധികളുമായി മല്ലിട്ട് തിരഞ്ഞെടുപ്പുരംഗത്തു പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് ഒന്നര ഡസന്‍ സീറ്റാണ് കൂടുതലായി നേടിയെടുത്തിരിക്കുന്നത്. എല്ലാവിധ പ്രതിസന്ധികളെയും കുത്തിത്തിരിപ്പുകളെയും തിരഞ്ഞെടുപ്പു കമ്മീഷന്‍ അടക്കമുള്ള ഏജന്‍സികളുടെ നിഷേധാത്മക നിലപാടുകളെയും നേരിട്ടുകൊണ്ടാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് ഇത്തവണ മല്‍സരിച്ചത്. പ്രാദേശികമായി അവര്‍ക്കു സംഘടനാ സംവിധാനം കാര്യമായി ഉണ്ടായിരുന്നില്ല. പോളിങ് ബൂത്തുകളില്‍ ഏജന്റുമാരെ വയ്ക്കാന്‍ പോലും കഴിയാത്ത പ്രദേശങ്ങളുണ്ടായിരുന്നു. മറുഭാഗത്ത് 22 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്ന ബിജെപിക്ക് തങ്ങളുടെ സംഘടനാ സംവിധാനവും അളവറ്റ ധനവും കേന്ദ്രത്തിലും സംസ്ഥാനത്തിലുമുള്ള ഭരണാധികാരത്തിന്റെ തണലും സര്‍വോപരി, ആര്‍എസ്എസിന്റെ സന്നദ്ധപ്രവര്‍ത്തകരുടെ പൂര്‍ണ പിന്തുണയും ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മുപ്പതിലേറെ പൊതുയോഗങ്ങളിലാണ് അവിടെ പ്രസംഗിച്ചത്. സമീപകാലത്തൊന്നും ഒരു പ്രാദേശിക തിരഞ്ഞെടുപ്പില്‍ ഒരു പ്രധാനമന്ത്രി ഇത്രയേറെ സമയവും അധ്വാനവും ചെലവഴിച്ചതായി കാണാന്‍ കഴിയില്ല. അതു മാത്രമല്ല, തിരഞ്ഞെടുപ്പില്‍ മാന്യവും ജനാധിപത്യപരവുമായ പ്രചാരണ ശൈലി പോലും കൈവിട്ട് വ്യക്തിവിദ്വേഷത്തിന്റെയും പച്ചനുണയുടെയും ദുഷ്പ്രചാരണങ്ങളുടെയും തലത്തിലേക്കു പോവാനും അദ്ദേഹം തയ്യാറായി. ജനങ്ങളെ വര്‍ഗീയമായി വിഭജിക്കാനും മുസ്‌ലിംവിരുദ്ധ രാഷ്ട്രീയത്തിന്റെ പേരില്‍ ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ ഉറപ്പിക്കാനുമുള്ള ഹീനശ്രമങ്ങളാണ് അവസാന നാളുകളില്‍ നരേന്ദ്രമോദി നടത്തിയത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും നിഷേധാത്മകവും സാമൂഹികവിരുദ്ധവുമായ പ്രവണതകളുടെ പ്രഭവകേന്ദ്രമായിരുന്നു ഗുജറാത്ത് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഹീനതന്ത്രങ്ങളുടെ പരീക്ഷണശാലയായാണ് നരേന്ദ്രമോദി ഗുജറാത്തിനെ തന്റെ ഭരണകാലത്തു മാറ്റിയെടുത്തത്. ആ സംസ്ഥാനത്തെ പ്രധാന സമുദായമായ മുസ്‌ലിംകളെ അപരന്‍മാര്‍ എന്നു മുദ്രകുത്തി സാമൂഹിക ബഹിഷ്‌കരണത്തിനു കളമൊരുക്കിയത് അദ്ദേഹമാണ്. 2002ലെ ഗുജറാത്ത് കലാപം മുതല്‍ അവിടെ മുസ്‌ലിംകള്‍ രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും തകര്‍ന്നു തരിപ്പണമായി കിടക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിംകള്‍ നിര്‍ണായകമായ മണ്ഡലങ്ങളില്‍ പോലും ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിക്കുന്ന അവസ്ഥയുണ്ടായി. ബിജെപിക്ക് എതിരേ നില്‍ക്കുന്ന മതേതര ജനാധിപത്യ കക്ഷികളുടെ പൂര്‍ണമായ തകര്‍ച്ചയാണ് അവിടെ കണ്ടത്. മോദിയെ വെല്ലുവിളിക്കാന്‍ രാജ്യത്ത് ആരുമില്ലെന്ന സ്ഥിതിയായി. അങ്ങനെയുള്ള അവസ്ഥയിലാണ് ഗുജറാത്തിലെ കോണ്‍ഗ്രസ്സിന്റെ നിയമസഭാ നേതാവും ഒരു ഡസനിലധികം അംഗങ്ങളും കോണ്‍ഗ്രസ്സില്‍ നിന്നു കൂറുമാറുന്ന വേദനാജനകമായ രാഷ്ട്രീയച്ചതിയുടെ അനുഭവമുണ്ടാവുന്നത്. ഗുജറാത്തില്‍ പ്രതിപക്ഷശക്തികളെ തകര്‍ത്തുകഴിഞ്ഞു എന്ന മോദി-അമിത് ഷാ പ്രഭൃതികളുടെ ഹുങ്കാണ് ഈ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞിരിക്കുന്നത്. ഗുജറാത്ത് നല്‍കുന്നത് കോണ്‍ഗ്രസ്സിന്റെ ശക്തമായ ഒരു തിരിച്ചുവരവിന്റെ സന്ദേശമാണ്. പുതിയൊരു യുവനേതൃത്വത്തിനു കീഴില്‍ രാജ്യത്തെ യുവജനങ്ങളുടെ ഏറ്റവും കരുത്തരായ നേതാക്കളെ ഒന്നിച്ചുനിര്‍ത്തി 2019ല്‍ ശക്തമായ തിരിച്ചുവരവിനു കോണ്‍ഗ്രസ് തയ്യാറെടുക്കുകയാണെന്നു ഗുജറാത്ത് ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസ്സിനും പ്രതിപക്ഷ കക്ഷികള്‍ക്കും അതുണ്ടാക്കാന്‍ പോവുന്ന ആത്മവിശ്വാസം ചെറുതല്ല. ബിജെപിയെ സംബന്ധിച്ചിടത്തോളം തങ്ങള്‍ വലിയൊരു തകര്‍ച്ചയുടെ മുമ്പിലാണ് നില്‍ക്കുന്നത് എന്ന യാഥാര്‍ഥ്യബോധം അവര്‍ക്കു നല്‍കാനും ഗുജറാത്ത് ഫലം സഹായിക്കും. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപി അധികാരത്തില്‍ വരുമ്പോഴും 2017ലെ ഈ അവസാന തിരഞ്ഞെടുപ്പു മല്‍സരം കോണ്‍ഗ്രസ്സിന് ധാര്‍മിക വിജയമാണ് നല്‍കുന്നത് എന്നതു വിരോധാഭാസമായി തോന്നാം. പക്ഷേ, തിരഞ്ഞെടുപ്പില്‍ സംഭവിക്കുന്നത് ഒന്നും ഒന്നും കൂട്ടിയാല്‍ രണ്ട് എന്ന മട്ടിലുള്ള സാധാരണ ഗണിത സൂത്രവാക്യങ്ങളല്ല. ഓരോ തിരഞ്ഞെടുപ്പും ജനമനസ്സ് എങ്ങോട്ടു ചലിക്കുന്നുവെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഈ തിരഞ്ഞെടുപ്പും നല്‍കുന്ന സൂചന അതു തന്നെയാണ്. അതില്‍ പ്രധാനം, ബിജെപി സര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരുന്ന സാമ്പത്തിക നയങ്ങളും അവരുടെ പിന്നിലെ യഥാര്‍ഥ ശക്തിയായ ആര്‍എസ്എസ് ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹിക-രാഷ്ട്രീയ ദര്‍ശനങ്ങളും ജനങ്ങള്‍ക്ക് അസ്വീകാര്യമായി മാറിത്തുടങ്ങിയിരിക്കുന്നു എന്ന സൂചനയാണ്. സാമ്പത്തികനയങ്ങളില്‍ പ്രധാനം നോട്ട് റദ്ദാക്കല്‍ മുതല്‍ ചരക്കുസേവന നികുതി നടപ്പാക്കിയതിലെ അപാകതകള്‍ വരെ പലതുണ്ട്. നോട്ട് റദ്ദാക്കാന്‍ പ്രധാനമന്ത്രി നല്‍കിയ കാരണങ്ങളൊന്നും അദ്ദേഹത്തിന്റെ സ്വന്തം തട്ടകമായ ഗുജറാത്തിലെ ജനങ്ങള്‍ പോലും മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന സന്ദേശമാണ് ജനവിധി നല്‍കുന്നത്. തൊഴില്‍ മേഖലയില്‍ അതുണ്ടാക്കിയ ആഘാതം ചെറുതായിരുന്നില്ല. കാര്‍ഷിക മേഖലയിലാണ് അതിന്റെ ദീര്‍ഘകാല പ്രത്യാഘാതം ഏറ്റവും ശക്തമായി അനുഭവപ്പെട്ടതും ഇപ്പോഴും വിടാതെ നിലനില്‍ക്കുന്നതും. ഒരുപക്ഷേ, അതുകൊണ്ടു തന്നെയാവണം, തിരഞ്ഞെടുപ്പിന്റെ വോട്ടു ഘടന പരിശോധിക്കുമ്പോള്‍ ഗുജറാത്തിലെ ഗ്രാമപ്രദേശങ്ങളില്‍ ബിജെപിയേക്കാള്‍ മുന്നിലാണ് കോണ്‍ഗ്രസ് എന്ന വസ്തുത നിലനില്‍ക്കുന്നത്. തിരഞ്ഞെടുപ്പ് അവലോകനവേളയില്‍ എന്‍ഡിടിവി നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് ഗ്രാമീണ മേഖലയില്‍ 53 ശതമാനം പേരും കോണ്‍ഗ്രസ്സിനാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമങ്ങളിലെ തങ്ങളുടെ മേല്‍ക്കൈ ഇനിയും ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ്സിനു സാധിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. കാരണം, മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍ സിങ് പാര്‍ലമെന്റിലെ തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയ പോലെ, ഈ തീരുമാനത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ചുരുങ്ങിയത് രണ്ടു കൊല്ലമെങ്കിലും നിലനില്‍ക്കും. അത് ഏറ്റവും കടുത്ത പ്രത്യാഘാതമുണ്ടാക്കുന്നത് കാര്‍ഷിക-ഗ്രാമീണ മേഖലയില്‍ ആയിരിക്കുകയും ചെയ്യും. രണ്ടാമത്തെ പ്രധാന പ്രവണത, നേരത്തേ ബിജെപിയെ പിന്താങ്ങിയിരുന്ന പട്ടേല്‍മാര്‍ അടക്കമുള്ള സമുദായങ്ങള്‍ അവരെ ഇത്തവണ കൈവിടുകയാണുണ്ടായത് എന്ന നിരീക്ഷണമാണ്. ഇതു വ്യാപകമായ അനുരണനങ്ങള്‍ സൃഷ്ടിക്കുമെന്നു തീര്‍ച്ച. ഗുജറാത്തില്‍ പട്ടേല്‍, ദലിത്, ഒബിസി വിഭാഗങ്ങളുടെ പുതുതലമുറ നേതാക്കളായ ഹാര്‍ദിക് പട്ടേല്‍, ജിഗ്‌നേഷ് മേവാനി, അല്‍പേഷ് ഠാക്കൂര്‍ തുടങ്ങിയവരെല്ലാം രാഹുല്‍ഗാന്ധിയുമായി കൈകോര്‍ത്തുപിടിക്കാനാണ് താല്‍പര്യം കാണിച്ചത്. ബിജെപിയുടെ വര്‍ഗീയനയങ്ങളെ അവര്‍ തള്ളിക്കളയുകയാണു ചെയ്തത്.അഴിമതിയും ഭരണപരമായ കഴിവുകേടും ഭരണകക്ഷികള്‍ക്കെതിരായ ശക്തമായ ജനവികാരമാണ് ഉയര്‍ത്തിവിടുന്നതെന്ന് ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ്സിനു പറ്റിയ തിരിച്ചടിയും വ്യക്തമാക്കുന്നുണ്ട്. ഒരുപക്ഷേ, ആനന്ദി ബെന്നിന്റെയും വിജയ് രൂപാണിയുടെയും നേതൃത്വത്തിലുണ്ടായ സര്‍ക്കാരുകളുടെ മോശം പ്രതിച്ഛായയും ഭരണരംഗത്തെ വീഴ്ചകളും ബിജെപിക്കു കിട്ടിയ തിരിച്ചടികള്‍ക്കു കാരണമായിട്ടുണ്ടാവണം. 2017ലെ ഗുജറാത്ത് തിരഞ്ഞെടുപ്പ് 2019ലെ ദേശീയ പൊതുതിരഞ്ഞെടുപ്പിന്റെ മുന്നോടിയാണ്. ഗുജറാത്തിലെ ഫലം നല്‍കിയ ഊര്‍ജം കോണ്‍ഗ്രസ് അടുത്ത 20 മാസങ്ങളില്‍ വിശാലമായ ഒരു ജനകീയ പ്രതിപക്ഷ മുന്നണി കെട്ടിപ്പടുക്കുന്നതിനു പ്രയോജനപ്പെടുത്തുമെന്നു തീര്‍ച്ചയാണ്. ഇതുവരെ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയമായ ശേഷിയിലോ രാഹുല്‍ഗാന്ധിയുടെ വ്യക്തിപരമായ നേതൃപാടവത്തിലോ വിശ്വാസമര്‍പ്പിക്കാതിരുന്ന വിശാലവിഭാഗങ്ങള്‍ ഇനി നിലപാടു പുനപ്പരിശോധിക്കുമെന്നു തീര്‍ച്ച. മോദിക്കും ബിജെപിക്കും എതിരേ ദേശീയതലത്തില്‍ ഏറ്റവും ശക്തമായ പ്രതിരോധനിര ഉയര്‍ന്നുവരുന്നത് കോണ്‍ഗ്രസ്സിന്റെ മേല്‍ക്കൈയിലും രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുമായിരിക്കും എന്ന് ഈ തിരഞ്ഞെടുപ്പ് ചൂണ്ടിക്കാണിക്കുന്നു. വലിയ പരിക്കുകളോടെ ഭരണത്തില്‍ തിരിച്ചെത്തുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം 2019ലെ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനു പുതിയ തന്ത്രങ്ങള്‍ അനിവാര്യമായി വരും. തങ്ങളുടെ നയങ്ങളും തന്ത്രങ്ങളും അടുത്ത അങ്കത്തിനു പ്രയോജനപ്പെടില്ലെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടാവുമെന്നു തീര്‍ച്ച. നരേന്ദ്രമോദിയുടെ മാന്ത്രികസ്പര്‍ശം ഗുജറാത്തില്‍ പോലും വേണ്ടവിധം ഫലിക്കുന്നില്ലെങ്കില്‍ വിശാലമായ ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലത്തില്‍ അതു കടുത്ത തിരിച്ചടി തന്നെ നേരിടാനാണു സാധ്യത. മോദി ഭരണത്തിന്റെ വിലയിരുത്തലായാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെ രാജ്യം കാണുക. കാരണം, മോദിയാണ് ഗുജറാത്ത് തിരഞ്ഞെടുപ്പു പ്രചാരണം നയിച്ചത്. മോദിയാണ് രാജ്യം എന്നതാണ് അവര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരവേലയിലെ മുഖ്യ വായ്ത്താരി. അതു ഗുണത്തേക്കാളേറെ ദോഷം ചെയ്‌തേക്കുമെന്നു മോദിയെ ഗുജറാത്തില്‍ നിന്നു ദേശീയതലത്തിലേക്കു കൊണ്ടുവന്ന ആര്‍എസ്എസ് നേതൃത്വവും ഇന്ത്യയിലെ കോര്‍പറേറ്റ് പ്രമാണിമാരും കണ്ടെത്തിയേക്കും. എങ്ങനെയാണ് നരേന്ദ്രമോദി തന്റെ മുന്നിലുള്ള പുതിയ പ്രതിസന്ധികളെയും വെല്ലുവിളികളെയും തരണം ചെയ്യുക? ഭരണരംഗത്ത് നിര്‍ണായകമായ മാറ്റങ്ങള്‍ അദ്ദേഹത്തിന് കൊണ്ടുവരേണ്ടിവരുമെന്നു തീര്‍ച്ചയാണ്. രാജ്യത്തിനു ഗുണം ചെയ്യുന്ന നയങ്ങള്‍ നടപ്പാക്കാന്‍ തങ്ങള്‍ നഷ്ടം സഹിക്കാനും തയ്യാറാവുമെന്നു മോദി നേരത്തേ പറഞ്ഞിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ സുപ്രധാനമായ ഭരണനയങ്ങളൊന്നും രാജ്യത്തിനോ ജനങ്ങള്‍ക്കോ ഗുണം ചെയ്തതായി നാട്ടുകാര്‍ക്കു ബോധ്യപ്പെട്ടതായി കാണുന്നില്ല. ഇനി 20 മാസത്തിനുള്ളില്‍ ജനങ്ങളുടെ വിലയിരുത്തലില്‍ മാറ്റങ്ങള്‍ വരാനുള്ള സാധ്യതയും കുറവാണ്. അതിനാല്‍ നയംമാറ്റം തന്നെയാണ് സാധ്യതയായി നിലനില്‍ക്കുന്നത്. അതിന്റെ ഭാഗമായി മന്ത്രിസഭയില്‍ അഴിച്ചുപണിയും പുതിയ വശീകരണ വിദ്യകളും പ്രതീക്ഷിക്കാവുന്നതാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഗംഭീരമായി തോറ്റ ശേഷം ഫിനാന്‍സ് മുതല്‍ പ്രതിരോധം വരെ നിരവധി വകുപ്പുകള്‍ കൈയിലിട്ട് അമ്മാനമാടിയ അരുണ്‍ ജെയ്റ്റ്‌ലിയെ പോലുള്ളവരുടെ ഗതിയെന്താവും? ഗുജറാത്തില്‍ 150 സീറ്റ് പിടിച്ച് ചരിത്രം രചിക്കുമെന്നു പറഞ്ഞ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഭാവിയെന്താവും? മോദിയും മേല്‍പ്പറഞ്ഞ രണ്ടുപേരും ചേര്‍ന്നാല്‍ കേന്ദ്രഭരണകൂടമായി എന്നു നേരത്തേ അരുണ്‍ ഷൂരി പറഞ്ഞുവച്ചിട്ടുണ്ട്. രണ്ടരപേരുടെ സംഘം എന്നാണ് അദ്ദേഹം അതിനെ കളിയാക്കി വിളിച്ചത്. ആ കൂട്ടുകെട്ടിന്റെ അന്ത്യവും ഈ തിരഞ്ഞെടുപ്പോടെ ഉണ്ടായേക്കുമോ എന്നത് മറ്റൊരു കൗതുകം.                    ി

RELATED STORIES

Share it
Top