മോദിക്കും രാഹുലിനും കെജ്‌രിവാള്‍ കത്തെഴുതി

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയിലെ കടയടപ്പിക്കല്‍ പ്രശ്‌നം പരിഹരിക്കുന്നതിന് കൂടിക്കാഴ്ചയ്ക്കു സമയം തേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും കത്തെഴുതി. വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കുന്നതിനു പിന്നിലുള്ള നിയമത്തിലെ വീഴ്ചകള്‍ ഒഴിവാക്കുന്നതിനു പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരണമെന്നും അദ്ദേഹം പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.
തൊഴിലില്ലായ്മ കലാപത്തിലേക്കു നയിച്ചേക്കുമെന്നും അദ്ദേഹം കത്തില്‍ മുന്നറിയിപ്പു നല്‍കി. നിയമത്തിലെ വീഴ്ചകളാണ് കടകള്‍ അടപ്പിക്കുന്നതിലേക്കു നയിച്ചതെന്നും ഇതിന് ഉത്തരവാദി കേന്ദ്രസര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 31നു മുമ്പ് പ്രശ്‌നത്തിനു പരിഹാരം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ നിരാഹാരസമരം നടത്തുമെന്നു കഴിഞ്ഞ ദിവസം കെജ്‌രിവാള്‍ ഭീഷണി മുഴക്കിയിരുന്നു.

RELATED STORIES

Share it
Top