മോദിക്കും ബിജെപിക്കുമെതിരേ കുമാരസ്വാമി; എന്‍ഫോഴ്‌സ്‌മെന്റ് ഭീഷണിയിലൂടെ എംഎല്‍എയെ ഡല്‍ഹിക്കു കടത്തി

ബംഗളൂരു: കര്‍ണാടകയില്‍ ഭരണം പിടിച്ചെടുക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്ന് ജെഡിഎസ് നിയമസഭാ കക്ഷി നേതാവ് എച്ച് ഡി കുമാരസ്വാമി. പ്രതിഷേധം തുടരുന്ന വിധാന്‍ സൗധയുടെ പുറത്ത് വാര്‍ത്താമാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വിജയനഗര കോ ണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിങിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ബിജെപി പാളയത്തിലെത്തിയില്ലെങ്കില്‍ നടപടിയെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് തയ്യാറാണെന്നാണ് എംഎല്‍എയെ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ആനന്ദ് സിങ് ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടി നേരിടുന്ന വ്യക്തിയാണ് എംഎല്‍എ. പ്രധാനമന്ത്രിയുടെ അധികാര ദുര്‍വിനിയോഗത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും കുമാരസ്വാമി ആഹ്വാനം ചെയ്തു.
അതേസമയം, കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ് ഗൗഡയെ ബിജെപി സ്വകാര്യ വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിച്ചതായി റിപോര്‍ട്ട്. മസ്‌കി മണ്ഡലത്തില്‍ നിന്ന് ജയിച്ച കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ് ഗൗഡ വിധാന്‍ സൗധയിലെ സത്യഗ്രഹ സമരത്തിന് എത്തിയിരുന്നില്ല. തുടര്‍ന്ന് പ്രതാപ് ഗൗഡയുമായി കോണ്‍ഗ്രസ് പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചു.
എന്നാല്‍ അതൊന്നും ഫലവത്തായില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബംഗളൂരു എച്ച്എഎല്‍ വിമാനത്താവളത്തില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ ഗൗഡ കടന്നുകളഞ്ഞതായി വിവരം ലഭിക്കുന്നത്.
എവിടേക്കാണ് പോയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. എങ്കിലും ബിജെപിയിലെ റെഡ്ഡി സഹോദരന്‍മാരാണ് ചാക്കിടലിനു പിന്നിലെന്നാണ് കരുതുന്നത്.
മസ്‌കി മണ്ഡലത്തില്‍ നിന്ന് വെറും 213 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രതാപ് ഗൗഡ പാട്ടീല്‍ ജയിക്കുന്നത്. 2013ലും 2018ലും കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ചു ജയിച്ച ഇദ്ദേഹം 2008ല്‍ ബിജെപി ടിക്കറ്റിലാണ് മല്‍സരിച്ചത്.

RELATED STORIES

Share it
Top