മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹനങ്ങള്‍ക്കു നേരെ അക്രമം : മൂന്ന് വാഹനങ്ങള്‍ എറിഞ്ഞു തകര്‍ത്തുവടകര: സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടില്‍ നിര്‍ത്തിയിട്ട മോട്ടോര്‍ വാഹന വകുപ്പിന്റെ മൂന്ന് വാഹനങ്ങളുടെ ഗ്ലാസ് സാമൂഹ്യ വിരുദ്ധര്‍ എറിഞ്ഞു തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെ ഒരു മണിക്ക് ശേഷമാണ് സംഭവം. 12 ഓളം വാഹനങ്ങള്‍ ഒന്നിച്ച് നിര്‍ത്തിയിട്ട സ്ഥലത്ത് നിന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റേതായ മൂന്ന് വാഹനങ്ങള്‍ മാത്രം തകര്‍ക്കപ്പെട്ടത്. റവന്യു വകുപ്പ്, സിവില്‍ സപ്ലൈസ്, എല്‍എ-എന്‍എച്ച്, തുടങ്ങിയ മറ്റു പല ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും കട്ടപ്പുറത്ത് കയറ്റിയ വാഹനങ്ങളുടെയും ഇടയില്‍ നിര്‍ത്തിയിട്ട മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനം തിരഞ്ഞു പിടിച്ചാണ് അക്രമിച്ചിരിക്കുന്നത്. രണ്ടാം ശനിയാഴ്ച അവധി ദിവസമായതിനാല്‍ ഓഫീസ് പ്രവര്‍ത്തന രഹിതമായിരുന്നു. എന്നാല്‍ അവധിദിന പ്രത്യേക വാഹന പരിശോധനയ്ക്കായി എത്തിയ ഉദ്യോഗസ്ഥരാണ് വാഹനങ്ങള്‍ തകര്‍ത്തതായി കണ്ടത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ വാഹനം ഈ സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തിയതായും ഇതിന് ശേഷമാണ് അക്രമം നടന്നതെന്നും, ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചയാതും പൊലീസ് അറിയിച്ചു. ഒരാഴ്ച മുമ്പ് കൊയിലാണ്ടി ആര്‍ടി ഓഫീസിലെ എഎംവിഎയെ അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ വടകര നടന്ന സംഭവത്തില്‍ ഇതുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.  കഴിഞ്ഞ ദിവസം വാഹന പരിശോധന ശക്തമാക്കിയതോടെ ചില ഭാഗങ്ങളില്‍ പ്രയാസങ്ങള്‍ ഉണ്ടായിട്ടുള്ളതായി ആര്‍ടിഒ പറഞ്ഞു.

RELATED STORIES

Share it
Top