മോക് ഡ്രില്ലിനിടെ അപകടം: വിദ്യാര്‍ഥി മരിച്ചുകോയമ്പത്തൂര്‍: അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ പരിശീലിപ്പിക്കാനായി നടത്തിയ മോക് ഡ്രില്ലിനിടെയുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു.കോയമ്പത്തൂരിലെ ഒരു സ്വകാര്യ കോളേജിലാണ് പരിശീലകന്റെ അനാസ്ഥയില്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ ജീവന്‍ പൊലിഞ്ഞത്. വ്യാഴാഴ്ച ക്യാംപസില്‍ നടത്തിയ മോക് ഡ്രില്ലിനിടെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് പരിശീലകന്‍ തള്ളിയിട്ട പെണ്‍കുട്ടിയുടെ തല സണ്‍ഷൈഡില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു.
19കാരിയായ ലോഗേശ്വരിയാണ് മരിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പെണ്‍കുട്ടി ചാടാന്‍ മടി കാണിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. കെട്ടിടത്തിന് താഴെ മറ്റ് വിദ്യാര്‍ത്ഥികള്‍ പിടിച്ചു നില്‍ക്കുന്ന വലയിലേക്കാണ് ചാടേണ്ടത്. തീപിടിത്തം പോലെയുളള സാഹചര്യങ്ങളെ നേരിടാന്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയായിരുന്നു കോവൈ കലൈമഗള്‍ കോളേജ് അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത്.

വൈകുന്നേരം 4 മണിയോടെയാണ് സംഭവം നടന്നത്. എന്നാല്‍ പെണ്‍കുട്ടി ചാടാന്‍ മടി കാണിച്ചതോടെ പരിശീലകന്‍ പിന്നില്‍ നിന്ന് തള്ളുകയായിരുന്നു. ഒന്നാം നിലയിലെ സണ്‍ഷൈഡിലാണ് പെണ്‍കുട്ടിയുടെ തലയിടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇവിടെ നിന്നും കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.
ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് മോക് ഡ്രില്‍ നടന്നതെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ സംഭവം അറിഞ്ഞിട്ടില്ലെന്നാണ് തമിഴ്‌നാട് ദുരന്തനിവാരണ ഏജന്‍സി പ്രതികരിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി കെ.പി.അന്‍പളകന്‍ പറഞ്ഞു. രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിനിയാണ് മരിച്ച ലോഗേശ്വരി.


ദേശീയ ദുരന്ത നിവാരണ സേനയിലെ പരിശീലകനെന്ന് അവകാശപ്പെടുന്ന ആര്‍.അറുമുഖനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പെണ്‍കുട്ടി ചാടുന്നതിന് മുമ്പ് മറ്റ് അഞ്ച് വിദ്യാര്‍ത്ഥികള്‍ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. ആര്‍ക്കും പരുക്കോ മറ്റോ പറ്റിയിരുന്നില്ല.

RELATED STORIES

Share it
Top