മോക്ഡ്രില്ലിനിടെ വിദ്യാര്‍ഥിനിയുടെ മരണം: അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചു

കോയമ്പത്തൂര്‍: മോക്ഡ്രില്ലിനിടെ പരിശീലകന്റെ ശ്രദ്ധക്കുറവ് കാരണം വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ അന്വോഷണ റിപോര്‍ട്ട് സമര്‍പ്പിച്ചു. സംഭവത്തിനു കാരണക്കാരനായ പരിശീലകന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ സഹായിച്ചതായി സംശയിക്കപ്പെടുന്ന ഒരാളെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പരിശീലകനായ ആര്‍ മുരുകന് ദേശീയ ദുരന്തനിവാരണ സമിതിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനാണ് ഇയാള്‍ സഹായിച്ചത്. അശോക് എന്നു പേരുള്ള ഇയാളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതായി പോലിസ് അറിയിച്ചു. അതേസമയം, റീജ്യനല്‍ ജോയിന്റ് ഡയറക്ടര്‍ എസ് കല എന്താണ് സംഭവിച്ചതെന്നുള്ള വിശദമായ റിപോര്‍ട്ട് ജില്ലാ കലക്ടര്‍ ടി എന്‍ ഹരിഹരന് സമര്‍പ്പിച്ചു. ഈ റിപോര്‍ട്ട് കലക്ടര്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കൈമാറും. മുഖ്യമന്ത്രി കെ പളനിസ്വാമി സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിനോടും പോലിസിനോടും വിശദമായ റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
കോവൈ കലൈമകള്‍ കോളജ് അധികൃതരോട് ഭാരതിയാര്‍ യൂനിവേഴ്‌സിറ്റിയും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ സംരക്ഷണ നടപടികള്‍ സ്വീകരിക്കാതെയും അനുമതി നേടാതെയും മോക്ഡ്രില്‍ സംഘടിപ്പിച്ചവര്‍ക്കെതിരേ ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപടിയെടുക്കുമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top