മൊറാറ്റ മാജിക്; സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

Morata-coolly-slides-on-his

നൈസ്: യഥാര്‍ഥ ചാംപ്യന്‍മാരുടെ കളി പുറത്തെടുത്ത സ്‌പെയിനിനു മുന്നില്‍ തുര്‍ക്കി തരിപ്പണമായി. യൂറോ കപ്പിന്റെ ഗ്രൂപ്പ് ഡിയില്‍ നിലവിലെ ജേതാക്കളായ സ്‌പെയിന്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തുര്‍ക്കിയെ കെട്ടുകെട്ടിക്കുകയായിരുന്നു. യുവന്റസ് സ്‌ട്രൈക്കര്‍ അല്‍വാറോ മൊറാറ്റയുടെ ഇരട്ടഗോള്‍ പ്രകടനമണ് ചെമ്പടയുടെ ജയം അനായാസമാക്കിയത്. മറ്റൊരു ഗോള്‍ നൊലിറ്റോയുടെ വകയായിരുന്നു.
തുടര്‍ച്ചയായ രണ്ടാം ജയത്തോടെ സ്‌പെയിന്‍ പ്രീക്വാര്‍ട്ടറിലേക്കു ടിക്കറ്റെടുത്തു. ആദ്യ കളിയില്‍ സ്‌പെയിന്‍ ഏകപക്ഷീയമായ ഒ രു ഗോളിനു ചെക് റിപബ്ലിക്കിനെ മറികടന്നിരുന്നു. അവസാന കളിയില്‍ ക്രൊയേഷ്യയുമായി സമനില വഴങ്ങിയാലും സ്‌പെയിന്‍ ഗ്രൂപ്പ് ചാംപ്യന്‍മാരാവും. അതേസമയം, തുടര്‍ച്ചയായ രണ്ടാം തോല്‍വി തുര്‍ക്കിയെ പുറത്താവലിന്റെ വക്കിലെത്തിച്ചു. അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ചെക് റിപബ്ലിക്കിനെ മികച്ച മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ തുര്‍ക്കിക്കു നേരിയ പ്രീക്വാര്‍ട്ടര്‍ സാധ്യതയുണ്ട്.
ആദ്യപകുതിയില്‍ കളി വരുതിയിലാക്കി ചെമ്പട
ഒന്നാപകുതിയില്‍ തന്നെ തുര്‍ക്കിയുടെ വലയില്‍ രണ്ടു തവണ പന്തെത്തിച്ച് സ്‌പെയിന്‍ മല്‍സരം വരുതിയിലാക്കിയിരുന്നു. ചെക്കിനെ 1-0നു തോല്‍പ്പിച്ച കഴിഞ്ഞ മല്‍സരത്തിലെ അതേ ഇലവനെത്തന്നെ സ്പാനിഷ് കോച്ച് വിസെന്റ് ഡെല്‍ബോസ്‌ക് നിലനിര്‍ത്തുകയായിരുന്നു. തങ്ങളുടെ പ്രശസ്തമായ ടിക്കി-ടാക്ക ഗെയിം തുടക്കം മുതല്‍ കാഴ്ചവച്ച സ്‌പെയിന്‍ എതിരാളികള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കുന്നതാണ് കണ്ടത്.
ഏഴാം മിനിറ്റില്‍ 25 വാര അകലെ നിന്ന് മൊറാറ്റ സ്‌പെയിനിനായി ആദ്യ ഷോട്ട് പരീക്ഷിച്ചെങ്കിലും ഗോളി തട്ടിയകറ്റി. നാലു മിനിറ്റിനകം ക്രോസ്ബാര്‍ സ്‌പെയിനിനു ഗോള്‍ നിഷേധിച്ചു. ഇടതുവിങില്‍ നിന്ന് നൊലിറ്റോ ബോക്‌സിനുള്ളിലേക്കു നല്‍കിയ ക്രോസില്‍ മൊറാറ്റയുടെ ശ്രമം പോസ്റ്റില്‍ തട്ടി പുറത്തുപോവുകയായിരുന്നു. 16ാം മിനിറ്റില്‍ സ്പാനിഷ് പ്ലേമേക്കര്‍ ആന്ദ്രെസ് ഇനിയേസ്റ്റയുടെ ഷോട്ട് തുര്‍ക്കി പ്രതിരോധം ക്ലിയര്‍ ചെയ്തു.
34ാം മിനിറ്റില്‍ മൊറാറ്റയിലൂടെ സ്‌പെയിന്‍ അര്‍ഹിച്ച ലീഡ് സ്വന്തമാക്കി. നൊലിറ്റോ വലതുമൂലയില്‍ നിന്നു ബോക്‌സിനുള്ളിലേക്ക് അളന്നുമുറിച്ചു നല്‍കിയ ക്രോസ് ഹെഡ്ഡറിലൂടെ വലയിലേക്ക് വഴി തിരിച്ചുവിടേണ്ട ചുമതല മാത്രമേ മൊറാറ്റയ്ക്കുണ്ടായിരുന്നുള്ളൂ. മൂന്നു മിനിറ്റിനകം സ്‌പെയിന്‍ ലീഡുയര്‍ത്തി. സെക് ഫെബ്രഗസിന്റെ ക്രോസ് തുര്‍ക്കി താരം ടോപല്‍ ഹെഡ്ഡറിലൂടെ കുത്തിയകറ്റിയെങ്കിലും ഗോളിക്കു മുന്നില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന നൊലിറ്റോയ്ക്കാണ് ലഭിച്ചത്. ക്ലോസ്‌റേഞ്ച് ഷോട്ടിലൂടെ നൊലിറ്റോ പന്ത് വലയിലേക്ക് തട്ടിയിട്ടു.
48ാം മിനിറ്റില്‍ മൊറാറ്റ സ്‌പെയിനിന്റെ ഗോള്‍പട്ടിക തികച്ചു. ഇനിയേസ്റ്റ ബോക്‌സിനുള്ളിലേക്ക് നല്‍കിയ മനോഹരമായ ത്രൂബോള്‍ ഇടതുമൂലയില്‍ നിന്ന് ജോര്‍ഡി ആല്‍ബ ഗോളിയെ വെട്ടിച്ച് മൊറാറ്റയ്ക്ക് പാസ് ചെയ്തു. മൊറാറ്റ പന്ത് ഒഴിഞ്ഞ വലയിലേക്ക് പ്ലെയ്‌സ് ചെയ്തതോടെ സ്പാനിഷ് ജയം പൂര്‍ണമായി.

RELATED STORIES

Share it
Top