മൊബൈല്‍ ഫോണ്‍ റിപ്പയറിങിന് വിശ്വസനീയമായ ഇടങ്ങളില്‍ മാത്രം നല്‍കുക: മന്ത്രാലയംദോഹ: മൊബൈല്‍ ഫോണുകള്‍ റിപ്പയര്‍ ചെയ്യേണ്ടി വരുമ്പോള്‍ വിശ്വസനീയമായ ഷോപ്പുകളില്‍ മാത്രമേ നല്‍കാവൂ എന്ന് ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മൊബൈല്‍ ഫോണ്‍ ഡാറ്റകള്‍ ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്യുന്നതിനെതിരെ മന്ത്രാലയം ആരംഭിച്ച ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് അറിയിപ്പ്. സെക്യൂരിറ്റി ഫോര്‍ സേഫ്റ്റി എന്ന ഹാഷ് ടാഗിലാണ് കാംപയ്ന്‍. രാജ്യത്തെ പത്തു ശതമാനം യുവാക്കളും മൊബൈല്‍ ഫോണ്‍ വഴി ഭീഷണികള്‍ക്ക് വിധേയരായിട്ടുണ്ട്. 18 ശതമാനം യുവാക്കള്‍ അനാവശ്യമായ ഉള്ളടക്കങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടുവെന്ന് പരാതിപ്പെടുന്നു. അറിയാത്ത നമ്പറുകളില്‍ നിന്നും ആളുകളില്‍ നിന്നും സുഹൃത്താക്കാന്‍ ക്ഷണം ലഭിക്കുന്നവര്‍ 42 ശതമാനം പേരുണ്ട്.  സൈബര്‍ ആക്രമണത്തിനു വിധേയരാകുന്ന കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് മന്ത്രാലയം ജനകീയ പ്രചാരണം നടത്തുന്നത്. ബ്ലാക്ക്‌മെയിലില്‍ നിന്നു രക്ഷപ്പെടുന്നതുള്‍പ്പെടെ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടുള്ള ഭീഷണികളെ ചെറുക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നു. പൊതുസ്ഥലങ്ങളില്‍ ലഭ്യമാകുന്ന സൗജന്യ വൈ ഫൈ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു. വെബ്‌സൈറ്റുകളും ആപ്പുകളും സുരക്ഷിതമായിരിക്കാന്‍ ഇതു പ്രധാനമാണ്. പബ്ലിക് വൈഫൈ ഉപയോഗിക്കുമ്പോള്‍ നമ്മുടെ അക്കൗണ്ടുകളിലേക്ക് ഹാക്കര്‍മാര്‍ കടന്നു കൂടാനുള്ള സാധ്യത കൂടുതലാണ്.  ഫോണുകളില്‍ വളരെ പ്രധാനപ്പെട്ട രേഖകളും വിവരങ്ങളും സൂക്ഷിക്കരുതെന്നും ഡാറ്റകളുടെ ബാക്കപ്പ് എടുത്തുവെക്കാന്‍ മറക്കരുതെന്നും മന്ത്രാലയത്തിന്റെ മറ്റൊരു നിര്‍ദേശമാണ്.

RELATED STORIES

Share it
Top