മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂനിറ്റ് പ്രവര്‍ത്തനം തുടങ്ങി

കൊല്ലം: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സര്‍ക്കാര്‍ നടപ്പിലാക്കുന്ന അനുയാത്ര പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ തുടങ്ങുന്ന മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂനിറ്റുകള്‍ കുട്ടികളുടെ വീട്ടുപടിക്കല്‍ സേവനനിരതമാകുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഗവ.വിക്‌ടോറിയ ആശുപത്രിയില്‍ രണ്ട് യൂനിറ്റുകളുടേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സൈക്കോതെറാപിസ്റ്റ്, ഡെവലപ്‌മെന്റ് ട്രെയിനര്‍, സൈക്കോളജിസ്റ്റ്, എഡുക്കേഷനല്‍ എക്‌സ്പര്‍ട്ട് എന്നിവരാണ് കുട്ടിയുടെ വിവിധങ്ങളായ കഴിവുകളെ വികസിപ്പിക്കുന്നതിന് വാഹനത്തിലുണ്ടാവുക. ഓരോ ബ്ലോക്കിലും രണ്ടു വാഹനങ്ങള്‍ ആഴ്ചയില്‍ ആറു ദിവസം വിവിധ കേന്ദ്രങ്ങളിലെത്തും വിധമാണ് ക്രമീകരണം. കുട്ടികള്‍ക്ക് സ്വന്തം കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയും വിധമുള്ള ശേഷിവികസനമാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. ഇതു വഴി അവരെ മുഖ്യധാരയിലെത്തിക്കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗവ. വിക്‌ടോറിയ ആശുപത്രിയുടെ വികസനത്തിന് സമര്‍പിച്ച 20 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നത് പരിഗണിക്കുമെന്ന ഉറപ്പും മന്ത്രി നല്‍കി. കുട്ടികള്‍ക്കുള്ള പുതുവല്‍സര സമ്മാനവും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൂലിയറ്റ് നെല്‍സണ്‍, സബ് കലക്ടര്‍ എസ് ചിത്ര, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതി ജയിംസ്, വിക്‌ടോറിയ ആശുപത്രി ആര്‍എംഒ അനു ജെ പ്രകാശ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകല പങ്കെടുത്തു. കേരള സാമൂഹിക സുരക്ഷാ മിഷന്‍, ആരോഗ്യ കേരളം, ആരോഗ്യവകുപ്പ് എന്നിവയുടെ സംയുക്ത പദ്ധതിയുടെ ഭാഗമായി തുടങ്ങിയ മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ വാഹനങ്ങള്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഫഌഗ് ഓഫ് ചെയ്തു.

RELATED STORIES

Share it
Top