മൊട്ടക്കുന്നുകള്‍ ഇടിച്ചു നിരത്തി സ്വകാര്യ വ്യക്തിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍

പീരുമേട്: മൊട്ടക്കുന്നുകള്‍ ഇടിച്ചുനിരത്തി സ്വകാര്യവ്യക്തിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സജീവം. നടപടിയെടുക്കാതെ റവന്യൂ വകുപ്പ് അധികൃതര്‍. പീരുമേട് താലൂക്കില്‍ ഉള്‍പ്പെട്ട മേലഴുതയ്ക്കും മുണ്ടക്കയം കോളനിക്കും അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് സ്വകാര്യവ്യക്തി മൊട്ടക്കുന്നുകള്‍ ഇടിച്ചു നിരത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് പ്രദേശത്തെ മൊട്ടക്കുന്ന് ഇടിച്ചുനിരത്തിയാണ് നിര്‍മ്മാണം. പുതിയതായി റോഡ് വെട്ടിയതിനു പുറമെ വലിയതോതിലാണ് മണ്ണ് നീക്കം ചെയ്തിരിക്കുന്നത്. രാത്രി സമയങ്ങളിലും മണ്ണ് നീക്കം തകൃതിയായി നടക്കുന്നതായും ആരോപണമുണ്ട്. പീരുമേട്ടിലെ മിനി സിവില്‍ സ്‌റ്റേഷനില്‍ നിന്നു നോക്കിയാല്‍ കാണാവുന്നിടത്താണ് മണ്ണെടുപ്പു നടക്കുന്നതെങ്കിലും റവന്യൂ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. മിനി സിവില്‍ സ്‌റ്റേഷന്‍ കെട്ടിടത്തിലാണ് താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പ്രദേശത്തെ ടൂറിസം സാധ്യത മുന്നില്‍ കണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് തകൃതിയായി നടക്കുന്നത്. സ്വകാര്യ തേയില തോട്ടത്തിനോട് ചേര്‍ന്നാണ് മണ്ണെടുപ്പു നടക്കുന്നത്. റോഡ് വെട്ടുന്ന മറവിലാണ് വന്‍തോതില്‍ മണ്ണെടുത്ത് മാറ്റിയത്. ഇതിനു പിന്നാലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ലോഡ് കണക്കിന് കല്ലും ഇറക്കിയിട്ടുണ്ട്. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളാണിത്. വന്‍കിട മുതലാളിമാരെ സംരക്ഷിക്കുന്ന നിലപാട് റവന്യൂ വകുപ്പ് സ്വീകരിക്കുമ്പോഴും സാധാരണക്കാരന്‍ വീട് വയ്ക്കുന്നതിനായി മണ്ണ് നീക്കം ചെയ്യാന്‍ അധികൃതര്‍ അനുവദിക്കാത്ത സ്ഥിതിവിശേഷമാണ്. നിയമം ലംഘിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

RELATED STORIES

Share it
Top