മൊടവണ്ണ കടവിലെ നടപ്പാലം: പ്രവൃത്തി തുടങ്ങിയില്ല

നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയേയും ചാലിയാര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതിനായി ചാലിയാര്‍ പുഴയുടെ മൊടവണ്ണ കടവില്‍ നടപ്പാലം നിര്‍മിക്കുന്ന പദ്ധതി കടലാസിലൊതുങ്ങി. നടപ്പാലത്തിന്റെ നിര്‍മാണോദ്ഘാടനം നടന്നിട്ട് ഈ മാസം 14ന് മൂന്നു വര്‍ഷം തികയുകയാണ്. മൊടവണ്ണ കടവിലെ നടപ്പാലം എന്ന് യഥാര്‍ഥ്യമാക്കുമെന്ന മെടവണ്ണ നിവാസികളുടെ ചോദ്യത്തിന് ബന്ധപ്പെട്ടവര്‍ക്ക് മറുപടിയില്ല.
2015 മാര്‍ച്ച് 14 നാണ് അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് പാലത്തിന് തറക്കല്ലിട്ടത്. ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തികരിക്കുമെന്നായിരുന്നു അന്ന് മന്ത്രി പ്രസംഗത്തില്‍ പറഞ്ഞത്. എന്നാല്‍, വനം വകുപ്പില്‍ നിന്നു അനുമതി വാങ്ങുന്നതില്‍ എംഎല്‍എ അടക്കം പരാജയപ്പെട്ടതോടെ നിര്‍മാണം വൈകുകയായിരുന്നു. വനം വകുപ്പ് തടസം നീങ്ങിയെന്ന് ചൂണ്ടിക്കാട്ടി 2016 മാര്‍ച്ചില്‍ രണ്ടാമതും നിര്‍മാണ ഉദ്ഘാടനം നടത്തി. ഇക്കുറി പി കെ ബഷീര്‍ എംഎല്‍എയായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത.് ചാലിയാര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി ടി ഉസ്മാന്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു. ആറു മാസത്തിനുള്ളില്‍ പാലം നിര്‍മാണം പൂര്‍ത്തികരിക്കുമെന്നായിരുന്നു എംഎല്‍എ അന്നു നല്‍കിയ ഉറപ്പ്. നിര്‍മാണ ഉദ്ഘാടനങ്ങളുടെ മറവില്‍ സര്‍ക്കാറിന് വന്‍ തുക നഷ്ടമായത് ഒഴിച്ചാല്‍ പിന്നീടൊന്നും സംഭവിച്ചില്ല. പാലം വന്നാല്‍ വേട്ടേക്കോട്, പൈങ്ങോക്കോട്, പണപൊയില്‍, മൊടവണ്ണ, അത്തിക്കാട് നിവാസികള്‍ക്ക് നിലമ്പൂരിലേക്ക് ഏറ്റവും എളുപ്പത്തില്‍ എത്താന്‍ കഴിയും. നിലവില്‍ മണ്ണുപ്പാടം, ചന്തക്കുന്ന് വഴി എട്ടു കിലോമീറ്ററോളം സഞ്ചരിച്ചു വേണം നിലമ്പൂരിലെത്താന്‍. നടപ്പാലം യഥാര്‍ഥ്യമായാല്‍ മൊടവണ്ണയില്‍ നിന്നു വെറും രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നിലമ്പൂരില്‍ എത്തും.

RELATED STORIES

Share it
Top