മൊഞ്ചിലാറാടി...

താളത്തില്‍ മയക്കി ഒപ്പന തൃശൂര്‍: കലയുടെ കലവറ തുറന്നപ്പോള്‍  മൈലാഞ്ചിയണിഞ്ഞ് കുപ്പിവള കിലുക്കി മൊഞ്ചത്തിമാര്‍ അരങ്ങിലെത്തി. മൈലാഞ്ചി മൊഞ്ചില്‍ മണവാട്ടിമാര്‍  പാല്‍നിലാപുഞ്ചിരി തൂകിയപ്പോള്‍  തൃശൂര്‍കാര്‍ക്ക് പെരുത്ത് സന്തോഷം. നാണംകുണുങ്ങി മണവാട്ടിമാരും താളത്തില്‍ കൈയടിച്ച് കൂട്ടുകാരികളും വേദികള്‍ കൈയിലെടുത്തു. ഒപ്പനത്താളത്തില്‍ മയങ്ങി കാഴ്ചക്കാരും. കസേരകളെല്ലാം കാണികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. ഉദ്ഘാടനദിനമായ ഇന്നലെ തുടക്കത്തില്‍ കാണികള്‍ കുറവായിരുന്നെങ്കിലും  മല്‍സരാര്‍ഥികള്‍ക്ക് ആവേശമായി പയ്യെപ്പയ്യെ കാണികള്‍ എത്തിത്തുടങ്ങി. 10 മണിക്ക് തുടങ്ങേണ്ട മല്‍സരം 11.30നു ശേഷമാണ് തുടങ്ങിയത്. പ്രധാന വേദിയില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെയാണ് ഒപ്പനയ്ക്ക് വേദി നല്‍കിയത്. ഇതാദ്യമായാണ് ഗ്ലാമര്‍ മല്‍സരമായ ഒപ്പനയെ ഇങ്ങനെ അവഗണിക്കുന്നതെന്ന് 20 വര്‍ഷമായി സ്ഥിരമായി ഒപ്പനമല്‍സരം കാണാനെത്തുന്ന തൃശൂര്‍ സ്വദേശി സങ്കടത്തോടെ പറഞ്ഞു. ഒപ്പന നടക്കുന്ന പ്രധാന വേദിയായ രാജമല്ലിയില്‍ കൈയടിച്ചും ആര്‍ത്തുവിളിച്ചും പ്രോല്‍സാഹിപ്പിച്ചു കാണികള്‍ താരങ്ങളായി. ഹോളിഫാമിലി ഹൈസ്‌കൂളായിരുന്നു ഒപ്പനയുടെ വേദി. ചുവടുകളുടെ പുതുമകൊണ്ടും താളത്തിലെ കൃത്യതകൊണ്ടും പാട്ടിലെ തനിമകൊണ്ടും ഒപ്പനമല്‍സരം മികച്ച നിലവാരം പുലര്‍ത്തി. പ്രശസ്ത മാപ്പിളകലാകാരന്‍മാരായ ഹൈദ്രോസ് പൂവക്കുര്‍ശ്ശി, നജീമ ഹസന്‍, കൊടുവള്ളി അബൂബക്കര്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.  മല്‍സരിച്ച 29 ടീമുകളില്‍ 28 ടീമുകള്‍ക്കും എ ഗ്രേഡ് ലഭിച്ചു. ഒരു ടീമിന് ബി ഗ്രേഡ് ലഭിച്ചു. ഇരട്ടിയിലധികം വന്ന അപ്പീലുകള്‍ കാരണം മൂന്നുമണിക്ക് അവസാനിക്കേണ്ട മല്‍സരം ഏഴു മണി കഴിഞ്ഞിട്ടും അവസാനിച്ചിരുന്നില്ല.
അതേസമയം, ചില ടീമുകള്‍ നിലവാരത്തില്‍ വളരെ പിന്നിലാണെന്നാണ് വര്‍ഷങ്ങളായി ഒപ്പന പരിശീലനരംഗത്തുള്ള അബ്ദുല്ല പറയുന്നത്. തനത് കലാവിഷ്‌കാരങ്ങള്‍ക്കു പകരം പലതും യുട്യൂബ് നോക്കി പഠിച്ചതാണെന്നു പലരും ആരോപിക്കുന്നു.
ഒപ്പനയെ സംഘാടകര്‍ തഴയുകയാണെന്നും അബ്ദുല്ലകുറ്റപ്പെടുത്തി. പരിശീലകര്‍ക്കു മാത്രമല്ല, മല്‍സരാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒപ്പം വന്ന അധ്യാപകര്‍ക്കും ഇതേ പരാതിതന്നെ. ഹോളിഫാമിലി ഹൈസ്‌കൂളിലെ രാജമല്ലി എന്നു പേരിട്ട വേദിയാണ് ഒപ്പനയ്ക്ക് അനുവദിച്ചത്. 50ല്‍ താഴെ കസേരകള്‍. ആറുപേര്‍ക്കു ശരിക്കൊന്നു കളിക്കാന്‍ സൗകര്യമില്ലാത്ത സ്‌റ്റേജ്. കലോല്‍സവത്തിലെ ഗ്ലാമര്‍ ഇനമായ ഹൈസ്‌കൂള്‍ വിഭാഗം ഒപ്പന/യ്ക്ക് ജില്ലാ മല്‍സരങ്ങളുടെ സൗകര്യംപോലും നല്‍കിയിട്ടില്ല. '
ഇതാണു മല്‍സരാര്‍ഥികളെ ചൊടിപ്പിച്ചത്. കുട്ടികള്‍ക്കു കളിക്കാന്‍ കഴിയാത്ത വേദി പിന്നീട് അധ്യാപകര്‍ പറഞ്ഞതു പ്രകാരം പിറകിലെ കര്‍ട്ടന്‍ ഇറക്കിക്കെട്ടി സൗകര്യമൊരുക്കുകയായിരുന്നു. രാവിലെ 10ന് തുടങ്ങേണ്ട മല്‍സരം തുടങ്ങിയതാവട്ടെ ഒന്നരമണിക്കൂര്‍ വൈകിയും.
പ്രധാനവേദിയില്‍ നടക്കേണ്ടിയിരുന്ന ജനപ്രിയമല്‍സരമായ ഒപ്പന മല്‍സരത്തെ ഹോളിഫാമിലിയില്‍ ഒതുക്കിവച്ചത് കലാപ്രേമികളെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയത്.

RELATED STORIES

Share it
Top