മൈലാട്ടി 10 മെഗാവാട്ട് ഡീസല്‍ പ്ലാന്റ് പരിഗണനയിലില്ല: മന്ത്രി

കാസര്‍കോട്: മൈലാട്ടിയില്‍ 10 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള ഡീസല്‍ പ്ലാന്റ് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി അറിയിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഉപഭോഗ വര്‍ധനവിന് അനുസരിച്ച് ജില്ലയില്‍ വൈദ്യുതി ഉല്‍പാദനം കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 50 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള സോളാര്‍ പാര്‍ക്ക് അമ്പലത്തറയില്‍ സ്ഥാപിച്ചുകഴിഞ്ഞു. പ്രസരണ ശൃംഖല വിപുലപ്പെടുത്തുന്നതിനായി രാജപുരത്ത് 13 കെവി സബ് സ്റ്റേഷന്റെ നിര്‍മാണം നടന്നുവരുന്നു. മൈലാട്ടി തൗടുഗോളി 110 കെവി ലൈനിന്റെ പുനരുദ്ധാരണം, ചെറുവത്തൂര്‍ 110 കെവി സബ് സ്്‌റ്റേഷന്‍, എളേരി 110 സബ് സ്റ്റേഷന്‍ എന്നിവയുടെ ശേഷി വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലാണ്.
ജില്ലയില്‍ 281 പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാനും 95 ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷിവര്‍ധിപ്പിക്കാനും 14 ട്രാന്‍സ്‌ഫോര്‍മറുകള്‍ മാറ്റിസ്ഥാപിക്കാനും പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി അമ്പലത്തറയില്‍ 250 മെഗാവാട്ട് സോളാര്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
50 മെഗാവാട്ട് ഉല്‍പാദനം തുടങ്ങുകയും അത് കെഎസ്ഇബി വാങ്ങിക്കുകയും ചെയ്യുന്നുണ്ട്. ബാക്കിയുള്ള സോളാര്‍ പദ്ധതിക്കായി അനുവദിച്ച ഭൂമി സര്‍ക്കാര്‍ തിരിച്ചെടുത്തിട്ടുണ്ട്. പൈവളിഗെയിലും കിനാനൂര്‍ കരിന്തളത്തും സോളാര്‍ പദ്ധതിക്കായി ഭൂമി അനുവദിച്ചിരുന്നുവെങ്കിലും റവന്യൂ ഭൂമി പദ്ധതിക്ക് നല്‍കേണ്ടതില്ലെന്ന സര്‍ക്കാറിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതി ഉപേക്ഷിച്ചതായി മന്ത്രി പറഞ്ഞു.
ജില്ലയില്‍ മെയ് 25 മുതല്‍ 31 വരെയുള്ള കാലയളവില്‍ വൈദ്യുതി വിതരണം 96 മണിക്കൂര്‍ വരെ നിലച്ചതായും മന്ത്രി എംഎല്‍എയെ അറിയിച്ചു. നെല്ലിക്കുന്ന്, തൃക്കരിപ്പൂര്‍, കയ്യൂര്‍, രാജപുരം, പിലിക്കോട്, വോര്‍ക്കാടി, ബളാംതോട്, മാവുങ്കാല്‍ സെക്ഷനുകളിലാണ് ഈ കാലയളവില്‍ തുടര്‍ച്ചയായി വൈദ്യുതി വിതരണം തടസ്സപ്പെട്ടത്.

RELATED STORIES

Share it
Top