മൈക്രോ ബ്രൂവറിക്ക് ചട്ടം ഭേദഗതി ചെയ്യണം എക്‌സൈസ് കമ്മീഷണറുടെ റിപോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: മൈക്രോ ബ്രൂവറി വിഷയത്തില്‍ ചട്ടം ഭേദഗതി ചെയ്യണമെന്നു നിര്‍ദേശിച്ച് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് സമര്‍പ്പിച്ച റിപോര്‍ട്ട് പുറത്തായി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ബംഗളൂരുവിലെ മൈക്രോ ബ്രൂവറികളില്‍ പഠനം നടത്തിയതിനു ശേഷമാണ് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് റിപോര്‍ട്ട് സമര്‍പ്പിച്ചത്.
വിഷയത്തില്‍ നയപരമായ തീരുമാനമെടുക്കുമ്പോള്‍ വിപണി സാധ്യതയും സാമൂഹിക പ്രത്യാഘാതങ്ങളും പരിഗണിക്കുമെന്നു കമ്മീഷണര്‍ ശുപാര്‍ശ ചെയ്തു. റിപോര്‍ട്ടില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ല. മൈക്രോ ബ്രൂവറി വിഷയത്തില്‍ ഋഷിരാജ് സിങിന്റെ റിപോര്‍ട്ട് പുറത്തുവിടണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് മൈക്രോ ബ്രൂവറികള്‍ ആരംഭിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ചില ഗ്രൂപ്പുകള്‍ എക്‌സൈസ് വകുപ്പിനെ സമീപിച്ചത്. ഹോട്ടലുകളിലോ ബാറുകളിലോ സ്ഥാപിക്കുന്ന മൈക്രോ ബ്രൂവറികളിലൂടെ വ്യത്യസ്ത രുചികളില്‍ അവരുടെ ബ്രാന്‍ഡുകളായി ബിയര്‍ ഉല്‍പാദിപ്പിക്കും. കേരളത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ ഇല്ലാത്തതിനാല്‍ ഇതേക്കുറിച്ച് പഠനം നടത്താന്‍ 2017 സപ്തംബര്‍ 19ന് എക്‌സൈസ് കമ്മീഷണറോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഒക്ടോബര്‍ 16, 17 തിയ്യതികളില്‍ എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം കര്‍ണാടകയിലെ മൂന്നു മൈക്രോ ബ്രൂവറികള്‍ സന്ദര്‍ശിച്ചു. നവംബര്‍ 9ന് റിപോര്‍ട്ട് കൊടുത്തു.
ബംഗളൂരുവില്‍ 28 മൈക്രോ ബ്രൂവറികളും മൈസൂരുവിലും മംഗലാപുരത്തും ഓരോ ബ്രൂവറികളുമാണ് പ്രവര്‍ത്തിക്കുന്നത്. ബംഗളൂരുവിലെ മൈക്രോ ബ്രൂവറികളില്‍ വ്യത്യസ്ത രുചികളിലുള്ള ബിയര്‍ ഉല്‍പാദിപ്പിക്കുന്നുണ്ടെന്നു റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇവ തയ്യാറാക്കുന്നത് വിദഗ്ധരായ ആളുകളാണ്.
ആറു രുചികളിലുള്ള ബിയര്‍ തയ്യാറാക്കുന്ന ബ്രൂവറിയിലാണ് കമ്മീഷണറുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയത്. രാസവസ്തുക്കളോ നിറമോ ചേര്‍ക്കാതെ പരമ്പരാഗത രീതിയിലാണ് ബിയര്‍ ഉല്‍പാദിപ്പിക്കുന്നതെന്ന് ഉടമകള്‍ അവകാശപ്പെട്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ബ്രൂവറികളിലേയും ഡിസ്റ്റലറികളിലേയും പോലെ എക്‌സൈസ് ഉദ്യോഗസ്ഥനെ മൈക്രോ ബ്രൂവറികളുടെ മേല്‍നോട്ടത്തിനായി നിയമിച്ചിട്ടില്ല. ലോക്കല്‍ എക്‌സൈസ് ഓഫിസര്‍മാര്‍ക്കാണ് പരിശോധനയുടെ ഉത്തരവാദിത്തം. ഒരു മൈക്രോ ബ്രൂവറി ആരംഭിക്കാനായി തുടക്കത്തില്‍ നാലുകോടി രൂപയുടെ നിക്ഷേപം വേണമെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

RELATED STORIES

Share it
Top